
ചെന്നൈ: ഐപിഎല്ലിന്‍റെ പുതിയ സീസണിന് തുടക്കമാകുമ്പോൾ, ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയുമായി നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്. ഐപിഎൽ സീസണിൽ ടീമിനായി പുതിയ ഓപ്പണിംഗ് സഖ്യം ഇറങ്ങുമെന്ന് റുതുരാജ് വ്യക്തമാക്കി. ഇത്തവണ തനിക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്നാണ് നായകൻ വെളിപ്പെടുത്തിയത്. ഐപിഎൽ ക്യാപ്റ്റൻമാരുടെ സംഗമത്തിനിടെയാണ് റുതുരാജ് ഈ സുപ്രധാന മാറ്റത്തെക്കുറിച്ച് സംസാരിച്ചത്.
എം.എസ്. ധോണിയുടെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് നിങ്ങള്‍ ഒന്നും പറയുന്നില്ല, എന്നാല്‍ ആയുഷ് മാത്രെ-സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ്-സഞ്ജു സാംസൺ അല്ലെങ്കിൽ ആയുഷ് മാത്രെ-റുതുരാജ് ഗെയ്‌ക്‌വാദ് - ഇവരിൽ ആരാണ് സിഎസ്‌കെയ്‌ക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുകയെന്ന അവതാരകന്‍റെ ചോദ്യത്തിന് റുതുവും സഞ്ജുവും എന്നായിരുന്നു ഗെയ്‌ക്‌വാദിന്‍റെ മറുപടി.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം ആയുഷ് മാത്രെ ഇത്തവണ ഓപ്പണറായി ഇറങ്ങില്ലെന്നും റുതുരാജ് സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ ബാറ്റിംഗ് ക്രമത്തിൽ നേരിട്ട തിരിച്ചടികൾ മറികടക്കാനാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈയുടെ ശ്രമം. ടി20 ലോകകപ്പിലെ ഹീറോയായ സഞ്ജു സാംസണെ ടീമിലെത്തിച്ചത് സിഎസ്‌കെയുടെ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
സഞ്ജു-റുതുരാജ് ഓപ്പണിംഗ് സഖ്യത്തെ പിന്തുണച്ച് മുൻ സിഎസ്‌കെ താരം രവിചന്ദ്രൻ അശ്വിനും നേരത്തെ രംഗത്തെത്തിയിരുന്നു. റുതുരാജിന്‍റെ പതിഞ്ഞ ശൈലിയും സഞ്ജുവിന്‍റെ ആക്രമണോത്സുക ബാറ്റിംഗും ഒത്തുചേരുന്നത് ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈ ഒരുങ്ങുന്നത്. മാർച്ച് 28-ന് തുടങ്ങുന്ന ഐപിഎല്ലിൽ മാർച്ച് 30-ന് സഞ്ജു സാംസണിന്‍റെ മുൻ ടീം കൂടിയായ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!