
ചെന്നൈ: ഐപിഎല്ലും പിഎസ്എല്ലും ഒരേസമയം നടക്കാനിരിക്കെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി പകരം ഐപിഎൽ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ പേസ് ബൗളർ സ്പെൻസർ ജോൺസൺ. പിഎസ്എല്ലിൽ ലഭിക്കുമായിരുന്ന തുകയേക്കാൾ കുറഞ്ഞ പ്രതിഫലത്തിനാണ് സ്പെന്‍സര്‍ ജോണ്‍സൺ ഐപിഎല്ലില്‍ കളിക്കാന്‍ തയാറാവുന്നത്. പിഎസ്എല്ലിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കാനായിട്ടായിരുന്നു ജോൺസൺ കരാറായിരുന്നത്. 1.87 കോടി രൂപയായിരുന്നു ക്വറ്റ ഗ്ലാഡിയേറ്റേഴ്സില്‍ ജോണ്‍സന്‍റെ പ്രതിഫലമെങ്കില്‍ ചെന്നൈയില്‍ 1.50 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോണ്‍സണ്‍ പി എസ് എല്ലില്‍ നിന്ന് പിന്‍മാറിയത്. ഇതിനുപിന്നാലെയാണ് ജോൺസൺ പരിക്കേറ്റ നഥാൻ എല്ലിസിന് പകരക്കാരനായി ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയത്. മാർച്ച് 11-ന് നടന്ന ഡൊമസ്റ്റിക് വൺഡേ കപ്പിനിടെയേറ്റ പരിക്കാണ് എല്ലിസിന് തിരിച്ചടിയായത്.
ഏകദേശം 37 ലക്ഷം രൂപയുടെ കുറവുണ്ടായിട്ടും ഐപിഎല്ലിലെ കടുത്ത മത്സരവും ആഗോളതലത്തിലുള്ള പ്രശസ്തിയുമാണ് താരത്തെ ഇന്ത്യയിലേക്ക് ആകർഷിച്ചത്. മുൻപ് ഗുജറാത്ത് ടൈറ്റൻസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും വേണ്ടി ജോൺസൺ കളിച്ചിട്ടുണ്ട്. 2024-ൽ ഗുജറാത്തിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിരുന്നു.
ചെന്നൈ ടീമിലെത്തിയെങ്കിലും വരാന്‍ വൈകുമെന്നതിനാല്‍ സീസണിലെ ആദ്യ മത്സരങ്ങളില്‍ ജോണ്‍സണ് ചെന്നൈക്കായി കളിക്കാനാവില്ല. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമായിരുന്നു ജോൺസൺ. അന്ന് പുറംവേദനയെത്തുടർന്ന് പിന്മാറിയ താരം പിന്നീട് ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ഓസ്‌ട്രേലിയയ്ക്കായി 5 ഏകദിനങ്ങളിലും 8 ടി20 മത്സരങ്ങളിലും ജോൺസൺ കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!