തിരിച്ചുവരവ് തകര്‍പ്പന്‍ റെക്കോര്‍ഡോടെ; പ്രതാപം നഷ്‌ടമായിട്ടില്ലെന്ന് തെളിയിച്ച് ഡെയ്‌ല്‍ സ്റ്റെയ്‌ന്‍

By Web TeamFirst Published Feb 13, 2020, 12:49 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജോസ് ബട്ട്‌ലറെ പുറത്താക്കിയാണ് സ്റ്റെയ്‌ന്‍റെ നേട്ടം

ഈസ്റ്റ് ലണ്ടന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് റെക്കോര്‍ഡോടെ ആഘോഷമാക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. അന്താരാഷ്‌ട്ര ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലാണ് സ്റ്റെയ്‌ന്‍ എത്തിയത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജോസ് ബട്ട്‌ലറെ പുറത്താക്കിയാണ് സ്റ്റെയ്‌ന്‍റെ നേട്ടം. 



മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ നിന്ന് 61 വിക്കറ്റ് നേടിയ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിനെയാണ് സ്റ്റെയ്‌ന്‍ മറികടന്നത്. അതേസമയം 45-ാം മത്സരത്തിലാണ് സ്റ്റെയ്‌ന്‍ 62 വിക്കറ്റ് നേടിയത്. 46 വിക്കറ്റ് നേടിയ പേസര്‍ മോണി മോര്‍ക്കലാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ മൂന്നാംസ്ഥാനത്ത്. 

എന്നാല്‍ അന്താരാഷ്‌ട്ര ടി20യില്‍ 106 വിക്കറ്റുകളുമായി ലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗയാണ് മുന്നില്‍. പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയും(96), ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.  

ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സ്റ്റെയ്ൻ അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് താരം. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. 93 ടെസ്റ്റില്‍ 439 വിക്കറ്റുകള്‍ നേടി. 145 ഏകദിനങ്ങളില്‍ 196 വിക്കറ്റും സ്റ്റെയ്‌നുണ്ട്. 

ഈസ്റ്റ് ലണ്ടനിലെ ബഫല്ലോ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചു. ദക്ഷിണാഫ്രിക്കയുടെ 177 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ജാസന്‍ റോയ്-ഓയിന്‍ മോര്‍ഗന്‍ വെടിക്കെട്ടിലും 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 176 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ലുങ്കി എന്‍ഗിഡിയുടെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീണതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 

Read more: അവസാന പന്ത് ത്രില്ലറില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി; ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു റണ്‍സിന്‍റെ നാടകീയ ജയം

click me!