ഈസ്റ്റ് ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ അവസാന പന്തുവരെ ആവേശം നീണ്ടപ്പോള്‍ ത്രില്ലടിപ്പിക്കുന്ന ജയവുമായി ദക്ഷിണാഫ്രിക്ക. ഈസ്റ്റ് ലണ്ടനിലെ ബഫല്ലോ പാര്‍ക്കില്‍ ഒരു റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ദക്ഷിണാഫ്രിക്കയുടെ 177 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ജാസന്‍ റോയ്-ഓയിന്‍ മോര്‍ഗന്‍ വെടിക്കെട്ടിലും 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 176 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 177 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ തെംബാ ബാവുമ 27 പന്തില്‍ 43 റണ്‍സും ക്വിന്‍റണ്‍ ഡികോക്ക് 15 പന്തില്‍ 31 റണ്‍സും എടുത്തു. പിന്നാലെ വന്നവരില്‍ വാന്‍ ഡര്‍ ഡസന്‍(31), ഡേവിഡ് മില്ലര്‍(16), സ്‌മട്ട്(20), ഫെഹ്‌ലൂക്വായോ(18) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ രണ്ടും മൊയിന്‍ അലിയും ടോം കറനും മാര്‍ക്ക് വുഡും ആദില്‍ റഷീദും ബെന്‍ സ്റ്റോക്‌സും ഓരോ വിക്കറ്റും നേടി. 

വിധിയെഴുതിയത് എന്‍ഗിഡിയുടെ അവസാന ഓവര്‍

മറുപടി ബാറ്റിംഗില്‍ വെടിക്കെട്ട് മൂഡിലായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍ ജാസന്‍ റോയ്. എന്നാല്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഒഴികെ മറ്റാരും ഇംഗ്ലണ്ടിന് കാര്യമായ സംഭാവന നല്‍കാതെ വന്നതോടെ മത്സരം അവസാന ഓവറിലേക്ക് നീങ്ങുകയായിരുന്നു. റോയ് 38 പന്തില്‍ 70 റണ്‍സും മോര്‍ഗന്‍ 34 പന്തില്‍ 52 റണ്‍സുമെടുത്തു. ബെയര്‍സ്റ്റോ 23നും ബട്ട്‌ലര്‍ 15നും പുറത്തായി. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. 

ലുങ്കി എന്‍ഗിഡിയുടെ അവസാന ഓവറാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ജയമൊരുക്കിയത്. ഈ ഓവറില്‍ ഏഴ് റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ ടോം കറനെ എന്‍ഡിഗി പുറത്താക്കി. അഞ്ചാം പന്തില്‍ മൊയിന്‍ അലി ബൗള്‍ഡും അവസാന പന്തില്‍ ആദില്‍ റഷീദ് റണ്‍ഔട്ടാവുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. എന്‍ഗിഡി മൂന്നും ഫെഹ്‌ലൂക്വായും ഹെന്‍‌ഡ്രിക്‌സും രണ്ടുവീതം വിക്കറ്റും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.