
രാജ്കോട്ട്: ടി20 ഫോർമാറ്റില്‍ കരിയറിലെ സ്വപ്ന ഫോമില്‍ കളിക്കുകയാണ് ദിനേശ് കാർത്തിക്(Dinesh Karthik). അതേസമയം റിഷഭ് പന്ത്(Rishabh Pant) ബാറ്റ് പിടിക്കാനാവാതെ ഉഴലുകയും ചെയ്യുന്നു. ഇന്ത്യന്‍ ടീമിലെ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ പ്രകടനം ഇങ്ങനെയാണ്. ഇവരില്‍ ആര് ടി20 ലോകകപ്പ് ടീമിലെത്തും എന്ന ചർച്ച സജീവമായിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍(Dale Steyn).
'റിഷഭ് പന്തിന് ഈ പരമ്പരയില്‍ നാല് അവസരങ്ങള്‍ ലഭിച്ചപ്പോള്‍ സമാന തെറ്റുകള്‍ വരുത്തുന്നത് കണ്ടു. നല്ല താരങ്ങള്‍ അവരുടെ വീഴ്ചയില്‍ നിന്ന് പഠിക്കും. പക്ഷേ റിഷഭ് പഠിക്കുന്നില്ല. എന്നാല്‍ തന്‍റെ ക്ലാസ് ഡികെ എല്ലാ മത്സരത്തിലും തെളിയിക്കുന്നു. ലോകകപ്പ് നേടണമെങ്കില്‍ ഫോമിലുള്ള താരത്തെ കളിപ്പിക്കുകയാണ് വേണ്ടത്. അദേഹം ടീമിനായി കപ്പ് നേടിത്തരും. പേരിന് അനുസരിച്ചാവും ടീം താരങ്ങളെ തെരഞ്ഞെടുക്കുക. എന്നാല്‍ ഡികെ വിസ്മയ ഫോമിലാണ്. ഫോം തുടർന്നാല്‍ ലോകകപ്പ് ടീമിന്‍റെ വിമാനത്തിലേക്ക് പേര് ചേർക്കുന്ന ആദ്യ താരങ്ങളിലൊരാള്‍ ദിനേശ് കാർത്തിക്കാകും' എന്നും ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.
രാജ്കോട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടി20യില്‍ 27 പന്തില്‍ 55 റണ്‍സ് നേടിയ കാർത്തിക്കിനെ മുന്‍താരം പ്രശംസിച്ചു. 'ഡികെ ഐതിഹാസിക ഫോമിലാണ്. ഓരോ മത്സരംതോറും മെച്ചപ്പെടുകയാണ്. മത്സരം നന്നായി വായിക്കുന്നു' എന്നുമാണ് സ്റ്റെയ്ന്‍റെ വാക്കുകള്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നാല് ഇന്നിംഗ്സില്‍ 158.6 സ്ട്രൈക്ക് റേറ്റില്‍ 92 റണ്‍സ് ഡികെ നേടി. ഡെത്ത് ഓവറുകളില്‍ 186.7 ആണ് സ്ട്രൈക്ക് റേറ്റ്. അതേസമയം റിഷഭ് നാല് ഇന്നിംഗ്സില്‍ 105.6 സ്ട്രൈക്ക് റേറ്റില്‍ 57 റണ്ണേ നേടിയുള്ളൂ.
ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ 330 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 183 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു താരത്തിന്. ഇതില്‍ 22 സിക്സുകളും ഉള്‍പ്പെടുന്നു. ഇന്ത്യക്കായി 35 ട്വന്റി 20യില്‍ 436 റണ്‍സും 94 ഏകദിനത്തില്‍ 1752 റണ്‍സും 26 ടെസ്റ്റില്‍ 1025 റണ്‍സും നേടിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തിയത്.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറെ തെരഞ്ഞെടുത്ത് പോണ്ടിംഗ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!