Latest Videos

'ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കില്ലെന്ന് എങ്ങനെ അറിയാം'; ഗംഭീറിനെ പൊരിച്ച് ഗാവസ്‍കർ

By Jomit JoseFirst Published Jun 18, 2022, 11:34 AM IST
Highlights

താരത്തിന്‍റെ പ്രായമല്ല, പ്രകടനമാണ് നോക്കേണ്ടത് എന്നും സുനില്‍ ഗാവാസ്കർ

രാജ്കോട്ട്: ഐപിഎല്ലിലെ(IPL 2022) മികവ് ഇന്ത്യന്‍ ജേഴ്സിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക്(IND vs SA T20Is) എതിരെയും ആവർത്തിക്കുകയാണ് ദിനേശ് കാർത്തിക്(Dinesh Karthik). 37 വയസുകാരനായ താരം എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഇടംനേടില്ല എന്ന് മുന്‍താരം ഗൌതം ഗംഭീർ(Gautam Gambhir) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്കർ( Sunil Gavaskar). ഗംഭീറിന്‍റെ പേര് വ്യക്തമാക്കാതൊണ് ഗാവസ്കറുടെ വിമർശനം. 

അദേഹത്തെ(ദിനേശ് കാർത്തിക്) എങ്ങനെ ടീമിലുള്‍പ്പെടുത്തും എന്ന തരത്തില്‍ ചർച്ചകള്‍ നടക്കുന്നതായി അറിയുന്നു. അയാള്‍ക്ക് കളിക്കാനാവില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസിലായി. ടീമിന് ആവശ്യമായ താരമാണ് കാർത്തിക്. പേരല്ല, ഫോമാണ് പരിഗണിക്കേണ്ടത് എന്നും ഗാവസ്കർ സ്റ്റാർ സ്പോർട്സില്‍ പറഞ്ഞു.

'പ്രായമല്ല, പ്രകടനമാണ് നിർണായകം' 

ആറ്, ഏഴ് ബാറ്റിംഗ് ക്രമത്തില്‍ ദിനേശ് കാർത്തിക്കിന് ഏറെ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. സ്ഥിരമായി അർധ സെഞ്ചുറി പ്രതീക്ഷിക്കാനാവില്ല. 20 പന്തില്‍ മികച്ച 40 കണ്ടെത്താനാകും. അതാണ് തുടർച്ചയായി കാർത്തിക് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാലാണ് ലോകകപ്പ് ടീമിലേക്ക് താരം സജീവമായി തന്‍റെ പേര് മുന്നോട്ടുവെക്കുന്നത്. ടീം തകർന്നിരിക്കേ റണ്‍സ് കണ്ടെത്തിയത് താരത്തിന്‍റെ പ്രതിഭ വ്യക്തമാക്കുന്നുണ്ട്. ഏറെ അർപ്പണമനോഭാവത്തോടെയാണ് കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാനും കാർത്തിക്കിന് താല്‍പര്യമുണ്ടാകാം. എന്തുതന്നെയായാലും താരത്തിന്‍റെ പ്രായമല്ല, പ്രകടനമാണ് നോക്കേണ്ടത് എന്നും മുന്‍താരം കൂട്ടിച്ചേർത്തു. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടി20യില്‍ ഇന്ത്യ 82 റണ്‍സിന് വിജയിച്ചപ്പോള്‍ അർധ സെഞ്ചുറിയുമായി ഡികെയായിരുന്നു കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ പിന്നീട് ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 18 റണ്‍സിന് നാലു വിക്കറ്റെടുത്ത ആവേശ് ഖാന്‍റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തളച്ചത്. യുസ്‍വേന്ദ്ര ചാഹല്‍ രണ്ടും ഹർഷല്‍ പട്ടേലും അക്സർ പട്ടേലും ഓരോ വിക്കറ്റും നേടി. 

ഡികെയുടെ ആറാട്ട്

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. ഐപിഎല്‍ മികവ് ആവർത്തിച്ച ഡികെയുടെ മികവിലാണ് ഇന്ത്യ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോറിലെത്തിയത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്തു. നായകന്‍ റിഷഭ് പന്ത് 17 റണ്‍സില്‍ പുറത്തായി. ഓപ്പണർ ഇഷാന്‍ കിഷന്‍ 27 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി രണ്ടും മാർക്കോ യാന്‍സനും ഡ്വെയ്ന്‍ പ്രിറ്റോറിയസും ആന്‍റിച്ച് നോർക്യയും കേശവ് മഹാരാജും ഓരോ വിക്കറ്റുമെടുത്തു. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-2ന് ഒപ്പമെത്തി. 

IND vs SA : വെറും 87 റണ്‍സിന് പുറത്ത്! നാണക്കേടിന്‍റെ റെക്കോർഡില്‍ ദക്ഷിണാഫ്രിക്കന്‍ ടീം

click me!