
ഇന്‍ഡോര്‍:ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പതിവായി മികച്ച പ്രകടനം നടത്തുന്ന ബാറ്റര്‍മാരുണ്ട്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നവരാണ്. ഏകദിനങ്ങളിലും ഇതുപോലെ ഇന്ത്യക്കെതിരെ സ്ഥിരമായി മികവ് കാട്ടുന്ന ചിലരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരയിലുള്ള കളിക്കാരനാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഹെഡ് തല ഉയര്‍ത്തി നിന്നത് ആരാധക മനസില്‍ ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്. എന്നാല്‍ ഇന്ത്യക്കെതിരായ കളിമികവില്‍ ട്രാവിസ് ഹെഡിനെയും മലര്‍ത്തിയടിക്കുകയാണിപ്പോള്‍ മറ്റൊരു താരം. മറ്റാരുമല്ല, ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചലെന്ന മൊട്ടത്തലയന്‍ ആണ് ഇന്ത്യയുടെ അന്തകനാകുന്ന ആ കളിക്കാരൻ.
ഹെഡും ഡാരില്‍ മിച്ചലും ഇന്ത്യക്കെതിരെ 13 ഏകദിനങ്ങള്‍ വീതമാണ് കളിച്ചത്. എന്നാല്‍ റണ്‍ കണക്കില്‍ ഹെഡിനെക്കാള്‍ ബഹുദൂരം മുന്നിലാണ് മിച്ചല്‍. ഇന്ത്യക്കെതിരെ കളിച്ച 13 ഏകദിനങ്ങളില്‍ ഹെഡ് 37.41 ശരാശരിയിലും 101.58 സ്ട്രൈക്ക് റേറ്റിലും 443 റണ്‍സടിച്ചപ്പോള്‍ ഡാരില്‍ മിച്ചല്‍ കളിച്ച 13 മത്സരങ്ങളിലെ 11 ഇന്നിംഗ്സില്‍ 74.10 ശരാശരിയിലും 97.11 സ്ട്രൈക്ക് റേറ്റിലുമായി 741 റണ്‍സാണ് മിച്ചല്‍ അടിച്ചുകൂട്ടിയത്. ഇന്ത്യക്കെതിരെ കളിച്ച 11 ഇന്നിംഗ്സുകളില്‍ ആറ് തവണയും മിച്ചലിന് അര്‍ധസെഞ്ചുറിക്കും മുകളില്‍ നേടാനായി.
ഇതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഇന്നലെ നേടിയ 137 റണ്‍സാണ് ഇന്ത്യക്കെതിരെ മിച്ചലിന്‍റെ ഉയര്‍ന്ന സ്കോര്‍. അസേതമയം ട്രാവിസ് ഹെഡിനാകട്ടെ ഇന്ത്യക്കെതിരെ ഏകദിനങ്ങളില്‍ ഒരേയൊരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും മാത്രമാണുള്ളത്. എന്നാല്‍ മിച്ചല്‍ നേടിയ രണ്ട് സെഞ്ചുറികളെക്കാളും അടിച്ചുകൂട്ടിയ റണ്‍സുകളെക്കാളും മൂല്യമുള്ളതായിരുന്നു ഹെഡ് നേടിയ ആ ഒരു സെഞ്ചുറി. കാരണം അത് അഹമ്മദാബാദിലെ നീലക്കടലിന് നടുവില്‍ ഇന്ത്യൻ സ്വപ്നങ്ങള്‍ക്കുമേല്‍ ആഞ്ഞടിച്ച സുനാമിയായിരുന്നു.
മിച്ചല്‍ നേടിയ റണ്‍സ് ന്യൂസിലന്‍ഡിന് ഇന്ത്യക്കെതിരെ മൂന്ന് ജയങ്ങള്‍ സമ്മാനിച്ചപ്പോള്‍ എട്ട് ഏകദിനങ്ങളില്‍ കിവീസ് തോറ്റു. അതേസമയം ഇന്ത്യക്കെതിരെ ഹെഡ് നേടിയ റണ്‍സുകള്‍ ഓസ്ട്രേലിയയെ ആറ് മത്സരങ്ങളില്‍ ജയിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!