പരമ്പര തോറ്റു, എങ്കിലും നടരാജനെ ഓര്‍ത്ത ഒരുപാട് സന്തോഷം: ഡേവിഡ് വാര്‍ണര്‍

By Web TeamFirst Published Dec 9, 2020, 5:54 PM IST
Highlights

മൂന്ന് ടി20 മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളാണ് നടരാജന്‍ വീഴ്ത്തിയത്. മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് ഹാര്‍ദിക് പാണ്ഡ്യക്ക് ആയിരുന്നെങ്കിലും അദ്ദേഹം അത് നടരാജന് കൈമാറിയിരുന്നു.

സിഡ്നി: ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ടി20 സീരിസില്‍ ഇന്ത്യ തിരിച്ചടിച്ചു. 2-1നാണ് ഇന്ത്യന്‍ ടി20 പരമ്പര സ്വന്തമാക്കിയത്. പരമ്പര നേട്ടത്തില്‍ പ്രധാമായും എടുത്ത് പറയേണ്ടത്. ടി നടരാജന്റെ ബൗളിങ് പ്രകടനമാണ്. നെറ്റ് ബൗളറായി മാത്രം ടീമിനൊപ്പം വന്ന നടരാജന്‍ ഏകദിനത്തിനത്തിലും ടി20യിലും ഇന്ത്യക്കായി അരങ്ങേറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളാണ് നടരാജന്‍ വീഴ്ത്തിയത്. മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് ഹാര്‍ദിക് പാണ്ഡ്യക്ക് ആയിരുന്നെങ്കിലും അദ്ദേഹം അത് നടരാജന് കൈമാറിയിരുന്നു. പുരസ്‌കാരത്തിന് അര്‍ഹന്‍ നടരാജനാണെന്ന് പാണ്ഡ്യ പറഞ്ഞിരുന്നു. 

ഇപ്പോള്‍ നടരാജനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. വാര്‍ണര്‍ ക്യാപ്റ്റനായ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസറാണ് നടരാജന്‍. 2017ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലൂടെയാണ് നടരാജന്‍ ഐപിഎല്‍ എത്തിയതെങ്കില്‍ അവര്‍ക്ക് വേണ്ടി കളിച്ചിരുന്നില്ല. പിന്നീട് സണ്‍റൈസേഴസ് ഹൈദാരാബാദില്‍ എത്തിയപ്പോഴാണ് താരത്തിന്റെ തലവര മാറിയത്. ശരിക്കും വാര്‍ണര്‍ നടരാജനെ ഉപയോഗിച്ചു. ഒരുതരത്തില്‍ വാര്‍ണര്‍ ഇന്ത്യന്‍ ടീമിന് നല്‍കിയ സമ്മാനമെന്ന് പറയാം. 

പരമ്പര തോറ്റെങ്കിലും നടരാജനെ ഓര്‍ക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി. ''ജയമോ തോല്‍വിയോ സമനിലയോ ആവട്ടെ ഞങ്ങള്‍ ഓരോ താരങ്ങളെയും ബഹുമാനിക്കുന്നു. പരമ്പര നഷ്ടമായെങ്കില്‍ കൂടി നടരാജനെ  ഓര്‍ത്ത് എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. ക്രിക്കറ്റിനെ അയാള്‍ ഒരുപാട് സ്‌നേഹിക്കുന്നു. അത്ഭുതം തന്നെയാണ് നടരാജന്റെ യാത്ര. നെറ്റ് ബൗളറായി മാത്രം ടീമിനൊപ്പം ചേര്‍ന്ന നടരാജന്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നു. മികച്ച പ്രകടനം പുറത്തെടുക്കുന്നു. എന്തൊരു നേട്ടമാണത്. താങ്കള്‍ മനോഹരമായി കളിച്ചു.'' വാര്‍ണര്‍ പറഞ്ഞു.

ടി20 പരമ്പരയില്‍ വാര്‍ണര്‍ ഇല്ലാതെയാണ് ഓസീസ് ഇറങ്ങിയത്. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് വാര്‍ണര്‍ക്ക് പരമ്പര നഷ്ടമായത്. വരുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും താരം കളിക്കില്ല.

click me!