ഒന്നും ഉറപ്പ് പറയാന്‍ ആവില്ല; നടരാജന്റെ ടെസ്റ്റ് അരങ്ങേറ്റത്തെ കുറിച്ച് വാര്‍ണര്‍

By Web TeamFirst Published Jan 2, 2021, 12:21 PM IST
Highlights

നിശ്ചിത ഓവര്‍ ക്രിക്കറ്റിലേത് പോലെ താരത്തിന് ടെസ്റ്റിലും തിളങ്ങാന്‍ സാധിക്കുമോയെന്ന് പൂര്‍ണമായും തിളങ്ങാന്‍ സാധിക്കുമൊ എന്നുള്ളത് ഉറപ്പുപറയാന്‍ സാധിക്കില്ലെന്നാണ് വാര്‍ണര്‍ പറയുന്നത്.
 

മെല്‍ബണ്‍: ടി നടരാജനെ ഇന്ത്യന്‍ ടീമിന് സമ്മാനിച്ചതില്‍ ഒരു വലിയ പങ്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ക്കുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴസ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് നടരാജന്‍ ശ്രദ്ധിക്കപ്പെടുന്നത്. ടീമിന്റെ ക്യാപ്റ്റന്‍ വാര്‍ണറായിരുന്നു. നടരാജനെ കുറിച്ച് ആധികാരികമായി പറയാനുള്ള അര്‍ഹതയും വാര്‍ണര്‍ക്കുണ്ട്.

ഏകദിനത്തിനും ടി20യ്ക്കും പിന്നാലെ ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടരാജന്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റിലേത് പോലെ താരത്തിന് ടെസ്റ്റിലും തിളങ്ങാന്‍ സാധിക്കുമോയെന്ന് നൂറ് ശതമാനം ഉറപ്പുപറയാന്‍ സാധിക്കില്ലെന്നാണ് വാര്‍ണര്‍ പറയുന്നത്. ''എന്നെക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് തന്നെയായിരിക്കും അവനെ കുറിച്ച് കൂടുതല്‍ അറിയുക. അവന്റെ രഞ്ജി ട്രോഫി കരിയറൊക്കെ പരിശോധിക്കുമ്പോല്‍ നിങ്ങള്‍ക്കുതന്നെ ധാരണ ലഭിക്കും. എനിക്ക് അറിയാം നട്ടു (നടരാജന്‍) കൃത്യമായ ലൈനും ലെങ്തും സൂക്ഷിക്കുന്ന ബൗളറാണ്. എന്നാല്‍ ടെസ്റ്റില്‍ എത്രത്തോളം വിജയകമായി പന്തെറിയാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. 

കാരണം നിശ്ചിത ഓവര്‍ ക്രിക്കറ്റ് പോലെയല്ല കാര്യങ്ങള്‍. വീണ്ടും വീണ്ടും ഓവറുകള്‍ ചെയ്യേണ്ടിവരും. അതുകൊണ്ടുതന്നെ ടെസ്റ്റ് ഫോര്‍മാറ്റില്‍ എത്രത്തോളം വിജയകരമാവുമെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. മുഹമ്മദ് സിറാജ് രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോഡുള്ള താരമാണെന്നാണ് ഞാന്‍ മനസിലാക്കിയത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായത്. സിറാജിന്റെ അരങ്ങേറ്റം നട്ടുവിനും പ്രചോദനമാകുമെന്നാണ് ഞാന്‍ കരുതത്. മികച്ച പ്രകടനം പുറത്തെടുക്കാനാവട്ടെ.'' വാര്‍ണര്‍ പറഞ്ഞു.

നടരാജന്റെ ഉയര്‍ച്ചയിലും വാര്‍ണര്‍ വാചാലനായി. ''വലിയ പ്രതിഫലമാണ് അവന്റെ കരിയറിന് ലഭിച്ചത്. ഒരു നെറ്റ് ബൗളര്‍ മാത്രമായിട്ടാണ് അവന്‍ ഇവിടെ വന്നത്. ഇതിനിടെ ഭാര്യ പ്രസവിച്ചു. കുഞ്ഞിനെ പോലും കാണാന്‍ സാധിച്ചില്ല. പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം കളിക്കാനും അവസരം ലഭിച്ചു. അശ്ചര്യപ്പെടുത്തുന്ന യാത്രയാണ്് അവന്റേത്.'' വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

ഉമേഷ് യാദവിന് പരിക്കേറ്റതോടെയാണ് നടരാജനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. താരം സിഡ്‌നിയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ടീമിലെ മറ്റുപേസര്‍മാര്‍.

click me!