'ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് അനീതി'; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ ഡേവിഡ് വാർണറുടെ ഭാര്യ

Published : Jul 05, 2022, 01:51 PM ISTUpdated : Jul 05, 2022, 01:57 PM IST
'ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് അനീതി'; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ ഡേവിഡ് വാർണറുടെ ഭാര്യ

Synopsis

ഡേവിഡ് വാർണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിനോട് മൗലികമായി യോജിപ്പില്ലെന്ന് ഓസീസ് ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് അടുത്തിടെ വ്യക്തമാക്കിയിരുന്നു

സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍(Sandpapergate Scandal ) ഓസീസ് ഓപ്പണർ ഡേവിഡ് വാർണർക്ക്(David Warner) ഏർപ്പെടുത്തിയിരിക്കുന്ന ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് അനീതിയെന്ന് അദേഹത്തിന്‍റെ ഭാര്യ കാന്‍ഡിസ്. വാർണറുടെ ക്യാപ്റ്റന്‍സി വിലക്ക് നീക്കണമെന്ന് കാന്‍ഡിസ്(Candice Warner) ആവശ്യപ്പെട്ടു. നേരത്തെ ഇതേ ആവശ്യം ഓസീസ് ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സും മുന്നോട്ടുവെച്ചിരുന്നു. 

'ഭർത്താവിനെ ചോദ്യം ചെയ്യുകയല്ല, പിന്തുണയ്ക്കുകയായിരുന്നു ആ സമയത്ത് എന്‍റെ കർത്തവ്യം. കഴിയാവുന്നത്ര കരുത്ത് നല്‍കുക എന്നതായിരുന്നു എന്‍റെ കടമ. എന്താണ് അടുത്തത് എന്ന ചിന്ത സ്വാഭാവികമായും കാണും. ഇന്ത്യയിലും ഓസീസിലും മികച്ച ടി20 റെക്കോർഡുള്ള താരമാണ്. ഓസീസിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഡേവിഡ് വാർണർ' എന്നും കാന്‍ഡിസ് പറഞ്ഞു. വാർണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് നീക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകള്‍ സജീവമായിരിക്കേയാണ് അദേഹത്തിന്‍റെ ഭാര്യയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. 

ഡേവിഡ് വാർണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിനോട് മൗലികമായി യോജിപ്പില്ലെന്ന് ഓസീസ് ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഓസീസ് ഓപ്പണറായ വാർണർ ഗംഭീര നായകനാണ് എന്ന് കമ്മിന്‍സ് പ്രശംസിച്ചു. ലീഡർഷിപ്പ് ചുമതലകളിലേക്ക് വാർണറെ തിരികെ കൊണ്ടുവരാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് മേല്‍ സമ്മർദം ചൊലുത്തുന്നതാണ് കമ്മിന്‍സിന്‍റെ വാക്കുകള്‍. 

2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ന്യൂലന്‍ഡ്‍സില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. സാന്‍ഡ്‍പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്‍റെ ശ്രമം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാർണറെയും 12 മാസത്തേക്കും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര-ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. ഇതിനൊപ്പം സ്മിത്തിന് 2 വർഷത്തെ ക്യാപ്റ്റന്‍സി വിലക്കും വാർണർക്ക് ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തുകയായിരുന്നു. 

വിലക്കുകഴിഞ്ഞ് ടീമിലെത്തിയ സ്മിത്ത് നിലവില്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ്. അതേസമയം ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിലാണ് വാർണർ. ഡേവിഡ് വാർണറുടെ ക്യാപ്റ്റന്‍സി വിലക്ക് നീക്കുന്നത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അടുത്ത ബോർഡ് യോഗം ചർച്ച ചെയ്യുമെന്ന് അടുത്തിടെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. വാർണറുടെ വിലക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജൂലൈയിലെ ഡയറക്ടേർസ് മീറ്റിംഗില്‍ ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓസീസ് ടെസ്റ്റ് നായകന്‍ വാർണറുടെ വിലക്ക് സംബന്ധിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

'വാർണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിനോട് മൗലികമായി യോജിപ്പില്ല'; സമ്മർദവുമായി കമ്മിന്‍സ്

PREV
Read more Articles on
click me!

Recommended Stories

നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം
തുടങ്ങിയത് 2023ലെ ലോകകപ്പ് ഫൈനലില്‍, 20 മത്സരവും 2 വര്‍ഷവും നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഒരു ഏകദിന ടോസ് ജയിച്ച് ഇന്ത്യ