
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ (ENGvIND) അവസാന ടെസ്റ്റില്‍ തിളങ്ങാതിരുന്ന ശ്രേയസ് അയ്യറിനെതിരെ (Shreyas Iyer) സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഷോര്‍ട് ബോള്‍ ഫലപ്രദമായി നേരിടാന്‍ ശ്രേയസിന് കഴിയുന്നില്ലെന്നാണ് ആക്ഷേപം. ശ്രയസ് അയ്യര്‍ ക്രീസിലെത്തിയതിന് പിന്നാലെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം നല്‍കുന്ന ഈ നിര്‍ദേശമാണ് ശ്രേയസ് അയ്യറിനെതിരെ വിമര്‍ശകര്‍ ആയുധമാക്കുന്നത്.
നെഞ്ചോളം കുത്തിയുയരുന്ന ഷോര്‍ട് ബോളുകളിലൂടെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു േ്രശയസ് നായകനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകന്‍ കൂടിയായ മക്കല്ലത്തിന്റെ നിര്‍ദേശം. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രേയസ് നേരിട്ട 26 പന്തില്‍ 19ഉം ഷോര്‍ട്‌ബോളുകളായതും ശ്രദ്ധേയം. ഒടുവില്‍ ശ്രേയസിന്റെ പതനവും അതേ വഴിയിലായി.
ടെസ്റ്റ് കരിയറില്‍ ഷോര്‍ട് ബൗളിനെതിരെ 6.5 മാത്രമാണ് ശ്രേയസിന്റെ ശരാശരി. ഇന്ത്യയില്‍ കളിച്ച അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയോടെ വരവറിയിച്ച ശ്രേയസിന് ഷോര്‍ട്‌ബോള്‍ നേരിടുന്നതില്‍ പ്രാഗത്ഭ്യം പോരെന്ന പ്രചാരണം മറ്റ് ടീമുകളും ശ്രദ്ധിക്കുമെന്നുറപ്പ്. എങ്കിലും ഇന്ത്യയുടെ അടുത്ത ആറ് ടെസ്റ്റും നാട്ടിലായതിനാല്‍ ശ്രേയസിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അവസരം കിട്ടും.