ഐസിസി ടി20 റാങ്കിംഗ്: വന്‍ കുതിപ്പുമായി ദീപക് ചാഹര്‍

By Web TeamFirst Published Nov 11, 2019, 7:08 PM IST
Highlights

ബാബര്‍ അസം ഒന്നാം സ്ഥാനത്തുള്ള ബാറ്റിംഗ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള രോഹിത് ശര്‍മയും എട്ടാം സ്ഥാനത്തുള്ള കെ എല്‍ രാഹുലുമാണ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

ദുബായ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടി20 ബൗളിംഗ് റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യയുടെ പേസര്‍ ദീപക് ചാഹര്‍. 88 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ചാഹര്‍ പുതിയ റാങ്കിംഗില്‍ 42ാം സ്ഥാനത്തെത്തി. എന്നാല്‍ ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്പിന്നര്‍മാര്‍ ആധിപത്യം തുടരുകയാണ്. റാങ്കിംഗില്‍ ആദ്യ ഒമ്പതുപേരും സ്പിന്നര്‍മാരാണ്. ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല.

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്നര്‍ രണ്ടാം സ്ഥാനത്തും പാക്കിസ്ഥാന്റെ ഇമാദ് വാസിം മൂന്നാം സ്ഥാനത്തുമാണ്. ആദം സാംപ, ഷദാബ് ഖാന്‍, ആന്‍ഡൈല്‍ ഫെലുക്വായോ, ആദില്‍ റഷീദ്, മുജീബ് ഉര്‍ റഹ്മാന്‍, ആഷ്ടണ്‍ അഗര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള ബൗളര്‍മാര്‍.

ബാബര്‍ അസം ഒന്നാം സ്ഥാനത്തുള്ള ബാറ്റിംഗ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള രോഹിത് ശര്‍മയും എട്ടാം സ്ഥാനത്തുള്ള കെ എല്‍ രാഹുലുമാണ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. ബാറ്റിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി പതിനഞ്ചാം സ്ഥാനത്താണ്.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ പിന്തള്ളി അഫ്ഗാന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തെത്തി. ടീം റാങ്കിംഗില്‍ പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഒരു റേറ്റിംഗ് പോയന്റ് വ്യത്യാസത്തില്‍ ഓസ്ട്രേലിയ തൊട്ടുപിന്നിലുണ്ട്. ഇംഗ്ലണ്ട് മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാമതുമുള്ള റാങ്കിംഗില്‍ ബംഗ്ലാദേശിനെതിരായ പരമ്പര നേടിയിട്ടും ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

click me!