അച്ഛനാണ് ഹീറോ, അദ്ദേഹം അനുഭവിച്ച വേദനയാണ് എന്റെ പ്രചോദനം; ഹാട്രിക് ഹീറോ ദീപക് ചാഹറിന്റെ വാക്കുകള്‍

By Web TeamFirst Published Nov 13, 2019, 5:10 PM IST
Highlights

മൂന്ന് ദിവസത്തിനിടെ രണ്ട് ഹാട്രിക്, അതില്‍ ഒന്ന് ലോക റെക്കോര്‍ഡ്. ഇന്ത്യന്‍ മീഡിയം പേസര്‍ ദീപക് ചാഹര്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി വാര്‍ത്തകളില്‍  നിറയുകയാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമിലെ കസേര ഉറപ്പിക്കുന്ന പ്രകടനമാണ് ചാഹറിന്റേത്.

തിരുവനന്തപുരം: മൂന്ന് ദിവസത്തിനിടെ രണ്ട് ഹാട്രിക്, അതില്‍ ഒന്ന് ലോക റെക്കോര്‍ഡ്. ഇന്ത്യന്‍ മീഡിയം പേസര്‍ ദീപക് ചാഹര്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി വാര്‍ത്തകളില്‍ നിറയുകയാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമിലെ കസേര ഉറപ്പിക്കുന്ന പ്രകടനമാണ് ചാഹറിന്റേത്. എന്നാല്‍ ആരെയും ആശ്ചര്യപ്പെടുത്തുന്ന വാക്കുകളാണ് ചാഹര്‍ പങ്കുവെക്കുന്നത്. മൈ നേഷന് നല്‍കിയ അഭിമുഖത്തില്‍ ഹാട്രിക് നേട്ടത്തെ കുറിച്ചും ടി20 ലോകകപ്പ് മോഹങ്ങളെ കുറിച്ചും തന്റെ പിതാവിന്റെ ത്യാഗങ്ങളെ കുറിച്ചുമെല്ലാം് ചാഹര്‍ വാചാലനായി. 

മൂന്ന് ദിവസത്തിനുള്ളില്‍ 10 വിക്കറ്റും രണ്ട് ഹാട്രിക്കും നേടാനായത് അഭിമാനമുണ്ടാക്കുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ചത് ഏറെ സഹായകമായിട്ടുണ്ട്. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയമാണ് പേസര്‍മാര്‍ക്ക് ഏറെ കഠിനമായ പിച്ച് എന്നാണ് എന്റെ അനുമാനം. കഴിഞ്ഞ സീസണില്‍ ഏറെ പിഴവുകള്‍ വരുത്തി. എന്നാല്‍ അത് തുരുത്തി മുന്നേറാനായി. നനവുള്ള പന്തിനെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യങ്ങള്‍ ഇപ്പോള്‍ ധാരണയുണ്ട്. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഏറെ ആത്മവിശ്വാസം തന്നു. ബൗളിംഗില്‍ ഏറെ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ ശ്രമിച്ചു. അവ വിജയിച്ചു. 

ഹീറോയായ അച്ഛന്‍

എന്റെ പിതാവ് കരിയറില്‍ ഏറെ സഹായിച്ചിട്ടുണ്ട്. അത്രത്തോളം മറ്റൊരെങ്കിലും ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നില്ല. അദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും ത്യാഗവും വിലമതിക്കാനാവില്ല. മറ്റാര്‍ക്കും അങ്ങനെ ചെയ്യാനാവില്ല. എന്റെ കുട്ടികള്‍ക്കായി ഭാവിയില്‍ ഇത്രത്തോളം കാര്യങ്ങള്‍ എനിക്ക് ചെയ്യാനാകും എന്നുപോലും തോന്നുന്നില്ല. ഞാന്‍ ഇന്ന് കൈവരിച്ചിരിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും ഒരേയൊരു അവകാശിയെയുള്ളൂ, അത് എന്റെ അച്ഛനാണ്. 

ടെസ്റ്റ് ക്രിക്കറ്റ്, അതാണ് മനസില്‍

അന്തിമ ലക്ഷ്യം എന്നുപറയുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുക എന്നതാണ്. അതിലേക്ക് പടിപടിയായി മുന്നേറുകയാണ്. ടി20 ടീമില്‍ ഇപ്പോള്‍ അവസരങ്ങളായി. ഇനി ഏകദിനത്തിലും അതിന് ശേഷം ടെസ്റ്റിലും കളിക്കണം. ഒരു മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യം. അവസരം ലഭിക്കുന്നത് എപ്പോഴാണോ, അപ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. 

ആ എട്ട് വിക്കറ്റ് പ്രകടനവും പിന്നില്‍ നില്‍ക്കും

രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയും ബംഗ്ലാദേശിനെതിരെ ടി20യില്‍ ആറ് വിക്കറ്റ് വീഴ്ത്തിയതും വ്യത്യസ്ത സാഹചര്യങ്ങളിലാണ്. രഞ്ജി ട്രോഫി പ്രകടനത്തിന് ശേഷം ടീമില്‍ സ്ഥാനമുറപ്പായി. 17 വയസ് മാത്രം പ്രായമുള്ള പേസര്‍ ആയിരുന്നു എന്നതാണ് കാരണം. എന്നാല്‍ ഇതിനേക്കാള്‍ ഒരുപടി മുകളിലാണ് ബംഗ്ലാദേശിനെതിരായ പ്രകടനം നില്‍ക്കുന്നത്. കാരണം ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്. ന്യൂ ബോളില്‍ പന്തെറിയുന്നതേ ഏവരും കണ്ടിട്ടുള്ളൂ. എന്നാല്‍ പഴകിയ പന്തുകൊണ്ട് പന്തെറിയുന്നത് ഏവരെയും അത്ഭുതപ്പെടുത്തി. പഴയ പന്തിലുള്ള എന്റെ പ്രകടനം കൂടുതല്‍ വിശ്വാസ്യത നല്‍കി എന്നാണ് തോന്നുന്നത്. 

ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചോ?

ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് എന്റെ കൈയിലല്ല. അടുത്ത മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഡിസംബറില്‍ നടക്കുന്ന ടി20 പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. ഇന്ത്യക്കായുള്ള എല്ലാ മാച്ചും തന്റെ അവസാന മത്സരമായാണ് കണക്കാക്കുന്നത്. കാരണം, അത്ര കഠിനമാണ് ടീമിലെ മത്സരം. 

ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ചാഹര്‍ ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് ദിവസത്തിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിരുവനന്തപുരത്ത് ഹാട്രിക് നേടി ചാഹര്‍ ഏവരെയും വീണ്ടും ഞെട്ടിച്ചു. മൂന്ന് ഓവറില്‍ 18 റണ്‍സ് നല്‍കിയായിരുന്നു ഈ വിക്കറ്റ് വേട്ട. മത്സരത്തിലാകെ നാല് വിക്കറ്റുകള്‍, അങ്ങനെ മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍.

click me!