ലക്ഷ്യം രഞ്‌ജി കിരീടം; ഐപിഎല്ലിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല: വിഷ്‌ണു വിനോദ്

By Web TeamFirst Published Nov 13, 2019, 12:36 PM IST
Highlights

ഈ സീസണില്‍ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വിഷ്‌ണു വിനോദ്. വിജയ് ഹസാരേ ട്രോഫിയില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിരുന്നു. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഈ സീസണിൽ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നതെന്ന് ഓപ്പണിംഗ് ബാറ്റ്സ്‌മാന്‍ വിഷ്‌ണു വിനോദ്. വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനം വരും മത്സരങ്ങളിലും ആവർത്തിക്കാൻ ശ്രമിക്കുമെന്നും വിഷ്‌ണു വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഐപിഎല്‍ തല്‍ക്കാലം മനസിലില്ല

ഐപിഎല്ലിനെ പറ്റിയൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല, നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്‌താഖ് അലി ടി20 ട്രോഫിയിലും വരാനിരിക്കുന്ന രഞ്ജി ട്രോഫിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. 

വിജയ് ഹസാരേ എന്നെ സംബന്ധിച്ച് മികച്ച ടൂര്‍ണമെന്‍റായിരുന്നു. ശക്തരായ കര്‍ണാടയ്‌ക്കെതിരായ സെഞ്ചുറിയാണ് മികച്ച ഇന്നിംഗ്‌സ് എന്നാണ് വിശ്വാസം. ബാറ്റിംഗ് ശൈലിയില്‍ വരുത്തിയ ചെറിയ മാറ്റങ്ങള്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. അനാവശ്യമായ ഷോട്ടുകള്‍ കളിച്ച് പുറത്താകാറുണ്ടായിരുന്നു. മാറ്റങ്ങള്‍ വരുത്തിയ ശേഷം കൂടുതല്‍ സ്ഥിരത കൈവരുത്താന്‍ കഴിഞ്ഞു. വൈറ്റ് ബോളില്‍ ഓപ്പണിംഗില്‍ കളിക്കാന്‍ തന്നെയാണ് ഇഷ്‌ടം. 

കേരള ടീം നന്നായി കളിക്കുന്നുണ്ട്. എന്തുകൊണ്ടോ രണ്ടുമൂന്ന് മത്സരങ്ങള്‍ തോല്‍ക്കുന്നു. ടീമെന്ന നിലയില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം കേരളം പുറത്തെടുത്തിരുന്നു. 2017ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും കഴിഞ്ഞ തവണ സെമിയിലും എത്തിയിരുന്നു. ഈ സീസണില്‍ കപ്പടിക്കാനാണ്
ലക്ഷ്യമിടുന്നത്. 

ഇത് വിഷ്‌ണു വിനോദിന്‍റെ 'ബാറ്റിംഗ് വര്‍ഷം'

ഈ സീസണില്‍ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വിഷ്‌ണു വിനോദ്. വിജയ് ഹസാരേ ട്രോഫിയില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിരുന്നു താരം. ആന്ധ്ര, കര്‍ണാടക, ചത്തീസ്‌ഗഢ് ടീമുകള്‍ക്കെതിരെയായിരുന്നു സെഞ്ചുറി. ടൂര്‍ണമെന്‍റില്‍ 500ലധികം റണ്‍സും സ്‌കോര്‍ ചെയ്തു. ഐപിഎല്ലില്‍ അവസരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ് വിഷ്‌ണു വിനോദ്. 

click me!