ഷെഫാലി വെടിക്കെട്ട്, ദീപ്‌തിയുടെ മിന്നല്‍ ബൗളിംഗ്; ഇന്ത്യന്‍ വനിതകള്‍ക്ക് സമ്പൂര്‍ണ ജയം

By Web TeamFirst Published Nov 11, 2019, 10:49 AM IST
Highlights

ദീപ്‌തി ശര്‍മ്മയുടെ നാല് വിക്കറ്റും 15 വയസുകാരി ഷെഫാലി വര്‍മ്മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്

സെന്‍റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ 10 വിക്കറ്റിന്‍റെ സമ്പൂര്‍ണ ജയവുമായി ഇന്ത്യ വനിതകള്‍. സ്‌പിന്നര്‍ ദീപ്‌തി ശര്‍മ്മയുടെ വമ്പന്‍ ബൗളിംഗും ബാറ്റിംഗില്‍ 15 വയസുകാരി ഷെഫാലി വര്‍മ്മയുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. നാല് ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയ ദീപ്‌തി ശര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. സ്‌കോര്‍ വിന്‍ഡീസ്-103/7(20), ഇന്ത്യ-104/0(10.3).

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വനിതകളെ ദീപ്‌തി ശര്‍മ്മ വരിഞ്ഞുമുറുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ടോപ് സ്‌കോററായിരുന്ന കാംബല്ലെ ഇക്കുറി പൂജ്യത്തില്‍ വീണു. മൂന്ന് വിന്‍ഡീസ് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 32 റണ്‍സെടുത്ത നേഷനും 23 റണ്‍സെടുത്ത ഹെയ്‌ലിക്കും മാത്രമാണ് പ്രതിരോധിക്കാനെങ്കിലും ആയത്. ദീപ്‌തി ശര്‍മ്മയുടെ നാല് വിക്കറ്റിന് പുറമേ, ശിഖ പാണ്ഡെയും രാധ യാദവും പൂജ വസ്‌ത്രാക്കറും ഓരോ വിക്കറ്റുകള്‍ കൊയ്‌തതോടെ വിന്‍ഡീസ് 20 ഓവറില്‍ ഏഴിന് 103 റണ്‍സ്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ വനിതകളെ ഓപ്പണര്‍മാര്‍ ജയിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം ഫിഫ്‌റ്റിയുമായി ഷെഫാലി വര്‍മ്മയും സ്‌മൃതി മന്ദാനയും അനായാസം ലക്ഷ്യത്തിലെത്തി. ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറി കണ്ടെത്തിയ ഷെഫാലി 35 പന്തില്‍ 10 ഫോറും രണ്ട് സി‌ക്‌സും സഹിതം 69* റണ്‍സെടുത്തു. മന്ദാന 28 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതം 30* റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യ 57 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ലക്ഷ്യത്തിലെത്തിയത്. ഇതോടെ അഞ്ച് ടി20കളുടെ പരമ്പരയില്‍ 2-0ന് ലീഡ് നേടി ഇന്ത്യന്‍ വനിതകള്‍. 
 

click me!