ടി20 ലോകകപ്പ്: നാലാം നമ്പറടക്കം നാല് ബാറ്റ്സ്‌മാന്‍മാര്‍ ഉറപ്പ്; ബാക്കിയെല്ലാം തുലാസില്‍

By Web TeamFirst Published Nov 11, 2019, 10:08 AM IST
Highlights

ടി20 ലോകകപ്പിന് മുന്‍പ് നാലാം നമ്പര്‍ ഉറപ്പിച്ച് ശ്രേയസ് അയ്യര്‍. ആദ്യ ഏഴ് ബാറ്റ്സ്‌മാന്‍മാരില്‍ നാല് പേരുടെ സ്ഥാനങ്ങള്‍ മാത്രമേ ഉറപ്പായിട്ടുള്ളൂ. 

മുംബൈ: ട്വന്‍റി20 ലോകകപ്പ് ഒരുക്കങ്ങളില്‍ ഇന്ത്യ ഏറെ പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ബംഗ്ലാദേശിനെതിരായ പരമ്പര. പ്രതിഭ തെളിയിക്കുന്ന ഇന്നിംഗ്‌സുകളുമായി ശ്രേയസ് അയ്യര്‍ നാലാം നമ്പര്‍ സ്ഥാനം ഉറപ്പിച്ചത് മാത്രമാണ് ആശ്വാസമായത്.

പാകിസ്ഥാനെ നിലംപരിശാക്കിയ ഓസ്‌ട്രേലിയ ലോകകപ്പ് വര്‍ഷത്തിൽ മികച്ച ഫോമിലേക്ക് ഉയരുകയാണ്. വെടിക്കെട്ട് ബാറ്റ്സ്‌മാന്‍മാരെ കുത്തിനിറച്ച ഇംഗ്ലണ്ടും ഓള്‍റൗണ്ട് മികവ് പുറത്തെടുക്കുന്ന ന്യൂസിലന്‍ഡും കരുത്തുകാട്ടുന്നു. ഇവിടെയാണ് ഇന്ത്യന്‍ ക്യാംപിലെ ആശയക്കുഴപ്പം പുറത്തുവരുന്നത്. ഏകദിന ടീമിലംഗങ്ങളായ അഞ്ചോ ആറോ പേരെ മാത്രമേ ടി20 ഫോര്‍മാറ്റില്‍ പ്രതീക്ഷിക്കാവൂ എന്ന് രവി ശാസ്‌ത്രി അടുത്തിടെ പറഞ്ഞിരുന്നു.

ലോകകപ്പ് ടിക്കറ്റുറപ്പിച്ചത് നാല് ബാറ്റ്സ്‌മാന്‍മാര്‍

ക്രീസില്‍ തട്ടിമുട്ടി നിൽക്കുന്നവര്‍ തന്നെയാണ് ഇന്ത്യയുടെ മുന്‍നിരയിൽ ഇറങ്ങുന്നത്. നിലയുറപ്പിക്കാന്‍ സമയം എടുക്കുന്നുവെന്ന് പലരും കുറ്റപ്പെടുത്തുമ്പോഴും വിരാട് കോലിയെയും രോഹിത് ശര്‍മ്മയെയും ഒഴിവാക്കാനാകില്ല. ബംഗ്ലാദേശിനെതിരെ ക്രീസില്‍ എത്തിയത് മുതൽ ആഞ്ഞടിക്കാന്‍ ശ്രമിച്ച ഏക ബാറ്റ്സ്‌മാനായ ശ്രേയസ് അയ്യര്‍ നാലാം നമ്പര്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യ തിരിച്ചുവരുമെന്ന് കരുതിയാൽ ആദ്യ ഏഴ് ബാറ്റ്സ്‌മാന്‍മാരില്‍ നാല് പേരുടെ കാര്യത്തിലേ ഉറപ്പുള്ളൂവെന്ന് ചുരുക്കം. 200 റൺസിന് മുകളില്‍ സ്ഥിരമായി സ്‌കോര്‍ ചെയ്യാവുന്ന മധ്യനിര നിലവില്‍ ഇന്ത്യക്ക് ഇല്ല. ബാറ്റിംഗ് വിസ്‌ഫോടനം നടത്താന്‍ കഴിവുള്ള പുതിയ താരങ്ങള്‍ക്ക് അവസരം നൽകാന്‍ ടീം ഇന്ത്യ ഇനിയും വൈകിക്കൂടാ. അടുത്ത വര്‍ഷം ഒക്‌ടോബര്‍ എട്ട് മുതല്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. 
 

click me!