
നാഗ്‌പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ നാഗ്‌പൂരിലും പരാജയപ്പെട്ടതോടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് മേൽ സമ്മര്‍ദം ശക്തമായി. പന്തിനെ മാറ്റണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുകയാണ്. പന്തിന് പകരം സഞ്ജു സാംസണെയോ കെ എല്‍ രാഹുലിനെയോ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായി പരിഗണിക്കാനുള്ള സാധ്യതയും ഉയരുകയാണ്.
ആത്മവിശ്വാസം നഷ്‌ടപ്പെട്ട ബാറ്റ്സ്‌മാന്‍ എങ്ങനെ പ്രതികരിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഋഷഭ് പന്തിന്‍റെ പ്രകടനം. വിക്കറ്റിന് മുന്നിലും പിന്നിലും പന്തിന് ഒരുപോലെ പിഴച്ചു. നിലയുറപ്പിക്കാന്‍ ശ്രമിക്കണോ കൂറ്റനടികള്‍ക്ക് മുതിരണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു മിക്കപ്പോഴും യുവതാരം. ധോണിയുടെ പകരക്കാരനെന്ന വിലയിരുത്തലുകള്‍ പന്തിനെ കൂടുതൽ സമ്മര്‍ദത്തിലാക്കുകയാണ് എന്ന് വ്യക്തം.
പന്തിനെ ട്രാക്കിലാക്കാന്‍ എന്താണ് വഴി?
ആഭ്യന്തര ക്രിക്കറ്റിലേക്ക് പന്തിനെ തിരിച്ചയച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരം ഒരുക്കുകയാണ് സെലക്‌ടര്‍മാര്‍ തത്ക്കാലം ചെയ്യേണ്ടത്. പുതിയ സെലക്ഷന്‍ കമ്മിറ്റി എം എസ് ധോണിയിലേക്ക് തിരികെ പോകുമോ അതോ സഞ്ജു സാംസൺ, കെ എൽ രാഹുല്‍ എന്നിവരെ പരീക്ഷിക്കുമോ എന്നതും ആകാംക്ഷ ഉയര്‍ത്തും.
വിജയ് ഹസാരേ ട്രോഫിയിൽ കര്‍ണാടകത്തിനായി വിക്കറ്റ് പിന്നില്‍ തിളങ്ങിയ രാഹുലിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിൽ അവസരം കിട്ടിയാൽ അത്ഭുതം വേണ്ട. വിരാട് കോലി തിരികെ വരുമ്പോഴും സഞ്ജു സാംസൺ ടീമിൽ തുടരണമെങ്കില്‍ ഋഷഭ് പന്തോ ശിഖര്‍ ധവാനോ ശിവം ദുബെയോ പുറത്തുപോകണം. എന്തായാലും കാര്യവട്ടം ട്വന്‍റി20 അടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും സഞ്ജു ടീമില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!