
ദില്ലി: ഡല്‍ഹി ക്യാപിറ്റല്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ വ്യാപകമായ ടിക്കറ്റ് തട്ടിപ്പ് നടന്നതായി പരാതി. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ആനന്ദ് വര്‍മ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. തന്റെ പക്കലുണ്ടായിരുന്ന ഒറിജിനല്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് മറ്റാരോ സ്റ്റേഡിയത്തില്‍ പ്രവേശിച്ചതായും തനിക്കും അതിഥികള്‍ക്കും പ്രവേശനം നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ഹോസ്പിറ്റാലിറ്റി സെക്ഷനിലേക്കുള്ള വാലിഡ് ടിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ വര്‍മ്മയെയും അതിഥികളെയും തടയുകയായിരുന്നു. പരിശോധനയില്‍ ഈ ടിക്കറ്റുകള്‍ നേരത്തെ സ്‌കാന്‍ ചെയ്ത് മറ്റാരോ അകത്ത് പ്രവേശിച്ചതായി കണ്ടെത്തി.
തന്റെ പരാതിയില്‍ ആനന്ദ് വര്‍മ്മ പറയുന്നത് ഇങ്ങനെ.. ''ഞാനും അതിഥികളും ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഞങ്ങളെ തടഞ്ഞു. എന്റെ പക്കലുള്ള ടിക്കറ്റുകള്‍ അനധികൃതമായി മറ്റാരോ ഉപയോഗിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് സുരക്ഷാ വീഴ്ച്ചയാണ് കാണിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.'' വിഷയത്തില്‍ ഡിഡിസിഎ പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്ലിയെയും മറ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
വര്‍മ്മയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഡിഡിസിഎ സെക്രട്ടറി അശോക് ശര്‍മ്മ, ഇതൊരു സാങ്കേതിക തകരാര്‍ മാത്രമാണെന്ന് പ്രതികരിച്ചു. ചില സമയങ്ങളില്‍ സ്‌കാനറുകള്‍ ബാര്‍കോഡ് കൃത്യമായി വായിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്മെന്റ് അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഐപിഎല്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കൂടി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ, ഇത്തരം സംഭവങ്ങള്‍ ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!