സയിദ് മുഷ്താഖ് അലി ടി20; കേരളത്തിനെതിരെ ദില്ലിക്ക് ആദ്യ വിക്കറ്റ് നഷ്ടം

By Web TeamFirst Published Jan 15, 2021, 12:33 PM IST
Highlights

നാലാം ഓവറിലാണ് ദില്ലിക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ദലാലിനെ ആസിഫ്, മുഹമ്മദ് അസറുദ്ദീന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.

മുംബൈ: സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ ദില്ലിക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദില്ലി ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 56 എന്ന നിലയിലാണ്. ഹിതന്‍ ദലാലിന്റെ (11) വിക്കറ്റാണ് ദില്ലിക്ക് നഷ്ടമായത്. കെ എം ആസിഫിനാണ് വിക്കറ്റ്. ശിഖര്‍ ധവാന്‍ (33), ഹിമ്മദ് സിംഗ് (11)  എന്നിവരാണ് ക്രീസില്‍. 

നാലാം ഓവറിലാണ് ദില്ലിക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ദലാലിനെ ആസിഫ്, മുഹമ്മദ് അസറുദ്ദീന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. രണ്ടാം ഓവര്‍ എറിയാനെത്തിയ എസ് ശ്രീശാന്ത് 13 റണ്‍സ് വഴങ്ങി. തൊട്ടടുത്ത ഓവറില്‍ സ്പിന്നര്‍ ജലജ് സക്‌സേനയും ഇത്രയും റണ്‍സ് വഴങ്ങിയിരുന്നു.

ആദ്യ മത്സത്തില്‍ പോണ്ടിച്ചേരിയേയും രണ്ടാം മത്സരത്തില്‍ മുംബൈയേയും കേരളം തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പ് ഇയില്‍ ഡല്‍ഹിയെ പിന്തളളി കേരളത്തിന് ഒന്നാമതെത്താം. രണ്ട് മത്സരത്തിലും ആധികാരിക ജയമാണ് കേരളം നേടിയത്. പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനും കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനും കേരളം തോല്‍പ്പിച്ചിരുന്നു. ബാറ്റ്‌സ്മാന്മാരുടെ പ്രകടനം തന്നെയാണ് കേരളത്തിന്റെ കരുത്ത്. റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. 

മറുവശത്ത് ശിഖര്‍ ധവാന്‍, നിതീഷ് റാണ, ഇഷാന്ത് ശര്‍മ, പവന്‍ നേഗി എന്നിവര്‍ ഉള്‍പ്പെടുന്ന വമ്പന്‍നിരയാണ് ദില്ലിയുടേത്. മുംബൈ, ആന്ധ്ര ടീമുകളെ തോല്‍പ്പിക്കാന്‍ ദില്ലിക്ക് സാധിച്ചിരുന്നു. രണ്ട് മത്സരങ്ങളിലും ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമായി. മുംബൈയെ 130 എറിഞ്ഞിട്ട ദില്ലി. ആന്ധ്രയെ 124ന് ഒതുക്കിയിരുന്നു. 

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, കെ എം ആസിഫ്, എസ് മിഥുന്‍.

ദില്ലി: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഹിതെന്‍ ദലാല്‍, നിതീഷ് റാണ, അനുജ് റാവത്ത്, ഹിമ്മദ് സിംഗ്, ലളിത് യാദവ്, അയൂഷ് ബദോനി, പവന്‍ നേഗി, പ്രദീപ് സാംഗ്‌വാന്‍, ഇശാന്ത് ശര്‍മ, സിമാര്‍ജിത് സിംഗ്.

click me!