ഐപിഎല്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ 'ചാര വനിത' ഇറങ്ങിയിരുന്നു; ഇന്ത്യന്‍ താരത്തിന്‍റെ വെളിപ്പെടുത്തല്‍

By Web TeamFirst Published Jan 5, 2021, 10:12 PM IST
Highlights

ദില്ലിയില്‍ നേഴ്സായ ഒരു സ്ത്രീയാണ് തന്നെ വിവരങ്ങള്‍ ചോര്‍ത്താന്‍ സമീപിച്ചതെന്ന് ഈ താരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന് ചട്ടപ്രകാരം നല്‍കിയ വിവരത്തില്‍ പറയുന്നു. 

ദില്ലി: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വാതുവയ്പ്പുകാര്‍ക്കായി വിവരങ്ങള്‍ ചോര്‍ത്താന്‍ ഒരു സ്ത്രീ സമീപിച്ചതായി വെളിപ്പെടുത്തി ഇന്ത്യന്‍ താരം. ഇന്ത്യയ്ക്കായി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഈ താരം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിച്ചിരുന്നത്. ദില്ലിയില്‍ നേഴ്സായ ഒരു സ്ത്രീയാണ് തന്നെ വിവരങ്ങള്‍ ചോര്‍ത്താന്‍ സമീപിച്ചതെന്ന് ഈ താരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന് ചട്ടപ്രകാരം നല്‍കിയ വിവരത്തില്‍ പറയുന്നു. 

യുഎഇയിലാണ് കൊവിഡ് മൂലം ഇത്തവണ ഐപിഎല്‍ നടത്തിയത്. ദില്ലിയിലെ ആശുപത്രിയിലെ ഡോക്ടര്‍ എന്ന പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ച ശേഷം ഡല്‍ഹി ടീമിന്‍റെ സുപ്രധാന വിവരങ്ങള്‍ ഇവര്‍ തിരക്കിയതായി താരം നല്‍കിയ വിവരത്തില്‍ പറയുന്നു. സെപ്തംബര്‍ 30നാണ് സംഭവം നടന്നത് എന്നാണ് വെളിപ്പെടുത്തല്‍. 

അതേ സമയം താരവും നേഴ്സും തമ്മില്‍ മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഒരു സംഭവം നടന്നുവെന്ന് ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം ഏജന്‍സി തലവന്‍ അജിത്ത് സിംഗ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
എന്നാല്‍ ഇത് ഐപിഎല്ലിന്‍റെ ഇടയില്‍ തന്നെ താരം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ഇത് പരിഹരിക്കപ്പെട്ട വിഷയമാണെന്നും. അടഞ്ഞ അധ്യയമാണ് എന്നുമാണ് ഇദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ താരത്തെ സമീപിച്ച വ്യക്തി വാതുവയ്പ്പുകാരുമായി ബന്ധമുണ്ടെന്ന കാര്യ ബിസിസിഐ സ്ഥിരീകരിക്കുന്നുണ്ട്. ഇവരെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

click me!