
പുതുച്ചേരി: ദിയോദര്‍ ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് മികച്ച സ്‌കോര്‍. മലയാളി താരം രോഹന്‍ കുന്നുമ്മല്‍ (75 പന്തില്‍ 107) നേടിയ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് സൗത്ത് സോണ്‍ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (63), നാരായണ്‍ ജഗദീഷന്‍ (54) എന്നിവരും തിളങ്ങി. ഷഹ്ബാസ് അഹമ്മദ്, റിയാന്‍ പരാഗ്, ഉത്കര്‍ഷ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോഹിപ്പിക്കുന്ന തുടക്കമാണ് സൗത്ത് സോണ്‍ നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ - മായങ്ക് സഖ്യം 181 റണ്‍സ് കൂട്ടിചേര്‍ത്തു. നാല് സിക്‌സും 11 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കോഴിക്കോട്ടുകരാനായ രോഹന്റെ ഇന്നിംഗ്‌സ്. ഉത്കര്‍ഷിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. രോഹന്‍ പുറത്തായതിന് പിന്നാലെ ക്യാപ്റ്റനും പവലിയനില്‍ തിരിച്ചെത്തുകയായിരുന്നു. മൂന്ന് റണ്‍സിന്റെ വ്യത്യാസത്തില്‍ രണ്ട് വിക്കറ്റുകള്‍ സൗത്ത് സോണിന് നഷ്ടമായി.
83 പന്തുകള്‍ നേരിട്ട മായങ്ക് നാല് ബൗണ്ടറികളുട അകമ്പടിയോടെയാണ് 63 റണ്‍സെടുത്തത്. മൂന്നാമനായി എത്തിയ സായ് സുദര്‍ശന്‍ (19) - ജഗദീഷന്‍ (54) സഖ്യം മറ്റൊരു കൂട്ടുകെട്ടിന് ശ്രമം നടത്തി. എന്നാല്‍ 28 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. സായിയെ റിയാന്‍ പരാഗ് തിരിച്ചയച്ചു. പിന്നീടെത്തിയ രോഹിത് റായുഡുവിന് (26) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. അരുണ്‍ കാര്‍ത്തിക് (2), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ ജഗദീശന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 60 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഗദീഷന്റെ ഇന്നിംഗ്‌സ്. വിജയ്കുമാര്‍ വൈശാഖാണ് (11) പുറത്തായ മറ്റൊരു താരം. സായ് കിഷോര്‍ (24) പുറത്താവാതെ നിന്നു. മുറ സിംഗ്, ആകാശ് ദീപ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. പ്രാഥമിക റൗണ്ടില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സൗത്ത് സോണിനായിരുന്നു വിജയം. അന്ന് രോഹന്‍ 18 റണ്‍സെടുത്ത് പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!