
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ടീം ഇന്ത്യയുടെ യുവ താരങ്ങള്‍ക്ക് ചാകരയാണ്. അഞ്ച് താരങ്ങളാണ് ഇന്ത്യക്കായി ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ ഈയൊരൊറ്റ പരമ്പരയിലൂടെ അരങ്ങേറിയത്. കര്‍ണാടകയുടെ മലയാളി ബാറ്റര്‍ ദേവ്‌ദത്ത് പടിക്കലാണ് ഒടുവിലായി അരങ്ങേറ്റ ക്യാപ് നേടിയത്.
ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര തോല്‍വിയോടെയായിരുന്നു ടീം ഇന്ത്യ തുടങ്ങിയത്. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് ഇന്ത്യ തോല്‍ക്കുകയായിരുന്നു. ഇതിന് ശേഷം വിശാഖപട്ടണത്തെ രണ്ടാം മത്സരത്തില്‍ ബാറ്റര്‍ രജത് പാടിദാറിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. പരിക്കേറ്റ കെ എല്‍ രാഹുലിന് പകരക്കാരനായായിരുന്നു അരങ്ങേറ്റം. രാജ്‌കോട്ടിലെ മൂന്നാം ടെസ്റ്റില്‍ രാഹുലിന് പുറമെ മധ്യനിരയിലെ മറ്റൊരു ബാറ്റര്‍ ശ്രേയസ് അയ്യരും കളിക്കാതിരുന്നതോടെ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറെലിനും ആദ്യമായി അവസരം ലഭിച്ചു. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിലാവട്ടെ പേസര്‍ ആകാശ് ദീപ് അരങ്ങേറി. പരമ്പരയിലെ അവസാന മത്സരത്തില്‍ ധരംശാലയില്‍ മലയാളിയായ ദേവ്‌ദത്ത് പടിക്കലും അരങ്ങേറിയിരിക്കുകയാണ്. ഇതോടെ 2024ലെ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ അരങ്ങേറിയ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം അഞ്ചായി.
ഇതിന് മുമ്പും ഒരു പരമ്പരയില്‍ അഞ്ചോ അതിലധികമോ താരങ്ങള്‍ ടീം ഇന്ത്യക്കായി അരങ്ങേറിയിട്ടുണ്ട്. 1996ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, പരാസ് മാംബ്രെ, വിക്രം റാത്തോഡ്, സുനില്‍ ജോഷി, വെങ്കടേഷ് പ്രസാദ് എന്നീ ആറ് താരങ്ങള്‍ അരങ്ങേറ്റം നടത്തി. 2020ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവ്‌ദീപ് സെയ്‌നി, വാഷിംഗ്‌ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവര്‍ അരങ്ങേറിയിരുന്നു.
Read more: നൂറാം ടെസ്റ്റ് കളിച്ച് അശ്വിന്‍, മലയാളി താരത്തിന് അരങ്ങേറ്റം; ധരംശാലയില്‍ ഇംഗ്ലണ്ടിന് നല്ല തുടക്കം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!