വിക്കറ്റ് കീപ്പറുടെ നിര്‍വചനം മാറ്റിയത് അവര്‍ രണ്ടുപേരുമെന്ന് സഞ്ജു

By Web TeamFirst Published Jun 12, 2020, 8:00 PM IST
Highlights

ഇന്ന് ഒരു വിക്കറ്റ് കീപ്പര്‍ ടോപ് ഓര്‍ഡറിലോ മധ്യനിരയിലോ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബാറ്റ്സ്മാനായിരിക്കണം. ഇതുവഴി ടീമിന് ഒരു അധിക ബൗളറെ ടീമിലുള്‍പ്പെടുത്താന്‍ കഴിയും.

തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ നിര്‍വചനം തന്നെ മാറ്റിമറിച്ചത് ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റും ഇന്ത്യയുടെ എം എസ് ധോണിയുമാണെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് എല്ലാ ടീമുകളുടെയും വിക്കറ്റ് കീപ്പര്‍മാര്‍ മികച്ച ബാറ്റ്സ്മാന്‍മാരാണെന്നും സഞ്ജു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.


ടീമിലെ വിക്കറ്റ് കീപ്പറുടെ റോള്‍ ആദ്യം പുനര്‍നിര്‍വചിച്ചത് ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റാണ്. മുന്‍നിരയില്‍ ബാറ്റിംഗിനിറങ്ങി ഗില്‍ക്രിസ്റ്റ് അടിച്ചു തകര്‍ത്തു. പിന്നീട് മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങി എം എസ് ധോണിയും ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ റോള്‍ അടിമുടി മാറ്റി.

ഇന്ന് ഒരു വിക്കറ്റ് കീപ്പര്‍ ടോപ് ഓര്‍ഡറിലോ മധ്യനിരയിലോ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബാറ്റ്സ്മാനായിരിക്കണം. ഇതുവഴി ടീമിന് ഒരു അധിക ബൗളറെ ടീമിലുള്‍പ്പെടുത്താന്‍ കഴിയും. ഏത് പ്രതിസന്ധിയയെയും സമചിത്തതയോടെ നേരിടുന്ന എം എസ് ധോണിയുടെ ശൈലി അനുകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

2015ല്‍ ഇന്ത്യക്കായി അരങ്ങേറിയ സഞ്ജുവിന് പിന്നീട് ഇന്ത്യന്‍ ടീമിലെത്താന്‍ നാലുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരയില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ലങ്കിലും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സഞ്ജു കളിച്ചു.

സൂപ്പര്‍ ഓവറില്‍ കോലിക്കൊപ്പം ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലെത്തിക്കാനും സഞ്ജുവിനായി. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 12 കളികളില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 342 റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു.

click me!