- Home
- Sports
- Cricket
- സഞ്ജുവിന്റെ വഴിയടച്ച് സുന്ദര്‍, ടീമില്‍ രണ്ട് മാറ്റം ഉറപ്പ്; നമീബിയക്കെതിരെ ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
സഞ്ജുവിന്റെ വഴിയടച്ച് സുന്ദര്‍, ടീമില്‍ രണ്ട് മാറ്റം ഉറപ്പ്; നമീബിയക്കെതിരെ ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ടി20 ലോകകപ്പില്‍ വ്യാഴാഴ്ച്ച നമീബിയയെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ അമേരിക്ക ഉയര്‍ത്തിയ വെല്ലുവിളി അതിജീവിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. നമീബിയക്കെതിരെ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചുവരും. സാധ്യതാ ഇലവന്‍..

അഭിഷേക് ശര്‍മ
ഇന്ത്യയുടെ ആക്രമണോത്സുക ബാറ്റിംഗിന്റെ മുഖമാണ് അഭിഷേക്. ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഗോള്‍ഡന്‍ ഡക്ക് ആയെങ്കിലും ആദ്യ ഓവര്‍ മുതല്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കഴിവും ഇക്കഴിഞ്ഞ പരമ്പരയിലെ മികച്ച ഫോമും അദ്ദേഹത്തെ ടീമിലെ അവിഭാജ്യ ഘടകമാക്കുന്നു. അഭിഷേക് ശര്‍മ കടുത്ത പനിയും വയറുവേദനയും കാരണം അമേരിക്കയ്‌ക്കെതിരെ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. എന്നിരുന്നാലും വ്യാഴാഴ്ച്ചത്തേക്ക് സുഖപ്പെടുമെന്നാണ് വിലയിരുത്തല്‍.
ഇഷാന്‍ കിഷന്‍
അമേരിക്കയ്‌ക്കെതിരെ 20 റണ്‍സാണ് കിഷന്‍ നേടിയത്. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു താരം. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ഫോം കണക്കിലെടുത്ത് കിഷന്‍ കളിക്കും. സഞ്ജു സാംസണ്‍ പുറത്തിരിക്കും.
തിലക് വര്‍മ
മൂന്നാമനായി തിലക് വര്‍മ ക്രീസിലെത്തും. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ തിലക് അമേരിക്കയ്‌ക്കെതിരെ 16 പന്തില്‍ 25 റണ്‍സാണ് നേടിയത്. വരും മത്സരത്തില്‍ തന്റെ യഥാര്‍ത്ഥ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
സൂര്യകുമാര്‍ യാദവ്
ടീമിനെ നയിക്കുന്ന ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ നാലാം നമ്പറില്‍ ക്രീസിലെത്തും. അമേരിക്കയ്‌ക്കെതിരെ സൂര്യയുടെ ഒറ്റയാന്‍ പോരാട്ടമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
റിങ്കു സിംഗ് / വാഷിംഗ്ടണ്‍ സുന്ദര്‍
പിച്ചിന്റെ സ്വഭാവമനുസരിച്ച് ഫിനിഷര്‍ റോളില്‍ റിങ്കുവിനെയോ അല്ലെങ്കില്‍ ഒരു അധിക സ്പിന്‍ ഓപ്ഷന്‍ എന്ന നിലയില്‍ വാഷിംഗ്ടണ്‍ സുന്ദറിനെയോ പരിഗണിച്ചേക്കാം. റിങ്കു ഫോമിലില്ലാത്തത് സുന്ദറിന് പ്രതീക്ഷയാണ്. സുന്ദര്‍ വരുന്നതോടെ സഞ്ജുവിന്റെ വഴിയും അടയും. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ റിങ്കുവിന് പകരം സഞ്ജുവിന് കൊണ്ടുവരണമെന്ന വാദമുണ്ടായിരുന്നു.
ശിവം ദുബെ
വമ്പന്‍ അടികള്‍ക്ക് ശേഷിയുള്ള ദുബെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റിംഗിന് കരുത്ത് പകരും. അമേരിക്കയ്‌ക്കെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു താരം. എങ്കിലും ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കും.
അക്‌സര്‍ പട്ടേല്‍
ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്‌സര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ എട്ടാം നമ്പറിലെത്തും. കൃത്യതയാര്‍ന്ന ബൗളിംഗിനൊപ്പം ബാറ്റിംഗിലും താരം ടീമിന് മുതല്‍ക്കൂട്ടാണ്. അമേരിക്കയ്‌ക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ ബാറ്റിംഗില്‍ 14 റണ്‍സാണ് നേടിയത്.
വരുണ്‍ ചക്രവര്‍ത്തി
തന്റെ മിസ്റ്ററി സ്പിന്‍ കൊണ്ട് നമീബിയന്‍ നിരയെ കുഴപ്പിക്കാന്‍ വരുണ്‍ ചക്രവര്‍ത്തി ടീമിലുണ്ടാകും. അമേരിക്കയ്‌ക്കെതിരെ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു വരുണ്‍. നാല് ഓവറില്‍ 24 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
ജസ്പ്രീത് ബുമ്ര
ആദ്യ മത്സരം കളിക്കാതിരുന്നു ബുമ്ര ചെറിയ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തും. പനിയെ തുടര്‍ന്ന് അമേരിക്കയ്‌ക്കെതിരെ ബുമ്ര കളിച്ചിരുന്നില്ല. പകരമെത്തിയ മുഹമ്മദ് സിറാജ് പുറത്തിരിക്കും.
അര്‍ഷ്ദീപ് സിംഗ്
ഇടംകൈയന്‍ പേസര്‍ എന്ന നിലയില്‍ അര്‍ഷ്ദീപ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കും. മുഹമ്മദ് സിറാജും അര്‍ഷ്ദീപും തമ്മില്‍ ഈ സ്ഥാനത്തിനായി മത്സരമുണ്ടെങ്കിലും ഇടംകൈയന്‍ പേസിനുള്ള മുന്‍ഗണന അര്‍ഷ്ദീപിന് ഗുണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!