ധോണി ആരാധകരുടെ ചീത്തവിളി; സോഷ്യല്‍ മീഡിയ വിടേണ്ടിവന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

By Web TeamFirst Published May 19, 2020, 3:20 PM IST
Highlights

ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ധോണി ആദ്യം ക്രിക്കറ്റ് കളിക്കേണ്ടേ എന്നായിരുന്നു അഗാര്‍ക്കറുടെ ചോദ്യം. അദ്ദേഹം ക്രിക്കറ്റ് കളി തുടങ്ങാത്ത കാലത്തോളം ആ ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അഗാര്‍ക്കര്‍

ദില്ലി: ധോണി ആരാധകരുടെ ചീത്തവിളി കാരണം തനിക്ക് കുറച്ചുകാലം സോഷ്യല്‍ മീഡിയ വിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ധോണിയെ ഒഴിവാക്കിയാതാണ് അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിച്ചതെന്നും ചോപ്ര പറഞ്ഞു.

ധോണിക്ക് പകരം കെ എല്‍ രാഹുലിനെയും ഋഷഭ് പന്തിനെയുമാണ് ആകാശ് ചോപ്ര ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയത്. ധോണിയെ ഒഴിവാക്കിയതിന്റെ പേരില്‍ ആരാധകര്‍ എന്നെ ഒരുപാട് ചിത്തവിളിച്ചു. തുടര്‍ന്ന് കുറച്ചുദിവസ് സോഷ്യല്‍ മീഡിയ തന്നെ ഉപേക്ഷിക്കേണ്ടിവന്നു. എന്നെ മാത്രമല്ല, എന്റെ കുട്ടികളെവരെ ചീത്തവിളിച്ചു. എന്നെ ചീത്തവിളിച്ചവരോട് എനിക്ക് പറയാനുള്ളത്, എന്നോട് ക്ഷമിക്കണമെന്നാണ്. സംഭവിച്ചത്, സംഭവിച്ചു-അജിത് ആഗാര്‍ക്കറുമായി സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

ധോണി വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് ആകാശ് ചോപ്ര അജിത് അഗാര്‍ക്കറോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ധോണി ആദ്യം ക്രിക്കറ്റ് കളിക്കേണ്ടേ എന്നായിരുന്നു അഗാര്‍ക്കറുടെ ചോദ്യം. അദ്ദേഹം ക്രിക്കറ്റ് കളി തുടങ്ങാത്ത കാലത്തോളം ആ ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

Also Read: സച്ചിന്റെ ഏകദിന ഡബിള്‍ സ്റ്റെയിനിന്റെ 'ദാനമോ'?; കണക്കുകള്‍ പറയുന്നത്

ധോണി ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷെ അതിന് അദ്ദേഹം ആദ്യം ക്രിക്കറ്റ് കളിച്ച് തുടങ്ങണം. ധോണി വിരമിക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അദ്ദേഹത്തിനെ ടീമിലെടുക്കണോ എന്നത് സെലക്ടര്‍മാരുടെയും. പക്ഷെ ഒരുവര്‍ഷമായി ക്രിക്കറ്റ് കളിക്കാത്ത ഒരു കളിക്കാരന്‍ ടീമില്‍ തിരിച്ചത്തുക എന്നത് അല്‍പം ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ കരുതുന്നത്. സെലക്ടര്‍മാരും ധോണിയും തമ്മില്‍ എന്ത് ആശയവിനിമയമാണ് ഇക്കാര്യത്തില്‍ നടത്തിയതെന്ന് അറിയില്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

click me!