സെഞ്ചുറിയുമായി വീണ്ടും ധ്രുവ് ജുറെല്‍, വെടിക്കെട്ട് ഫിഫ്റ്റിയുമായി റിഷഭ് പന്തും, ഇന്ത്യ എക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ വിജയലക്ഷ്യം

Published : Nov 08, 2025, 05:14 PM IST
Dhruv Jurel

Synopsis

17 റണ്‍സെടുത്തു നില്‍ക്കെ പന്തുകൊണ്ട് കൈത്തണ്ടക്ക് പരിക്കേറ്റ് ക്രീസ് വിട്ട റിഷഭ് പന്തും ജുറെലും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് കൂറ്റൻ ലീഡുറപ്പാക്കി.

ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റിൽ ധ്രുവ് ജുറെലിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ റിശഭ് പന്തിന്‍റെയും ഹര്‍ഷ് ദുബെയുടെയും അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 417 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ എ. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക എ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെടുത്തിട്ടുണ്ട്. 15 റണ്‍സോടെ ജോര്‍ദാന്‍ ഹെര്‍മാനും ഒമ്പത് റണ്‍സുമായി ലെസേഗോ സെനോക്വാനെയും ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ അവസാന ദിനം ദക്ഷിണാഫ്രിക്ക എക്ക് ജയിക്കാന്‍ 392 റണ്‍സ് കൂടി വേണം.

രക്ഷകനായി വീണ്ടും ജുറെല്‍

നേരത്തെ 78-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എ ഒരുഘട്ടത്തില്‍ 116-5ലേക്ക് കൂപ്പുകുത്തി കൂട്ടത്തകര്‍ച്ച നേരിട്ടെങ്കിലും ആദ്യ ഇന്നിംഗ്സിന് പിന്നാലെ രണ്ടാം ഇന്നിംഗ്സിലും അപരാജിത സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്‍റെയും(127*) അര്‍ധസെഞ്ചുറികള്‍ നേടിയ ഹര്‍ഷ ദുബെയുടെയും(84) പരിക്കേറ്റ് മടങ്ങിയശേഷം തിരിച്ചെത്തി 54 പന്തില്‍ 65 റണ്‍സ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആറാം വിക്കറ്റില്‍ ജുറെലും ഹര്‍ഷ് ദുബെയും ചേര്‍ന്ന് 184 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്.

17 റണ്‍സെടുത്തു നില്‍ക്കെ പന്തുകൊണ്ട് കൈത്തണ്ടക്ക് പരിക്കേറ്റ് ക്രീസ് വിട്ട റിഷഭ് പന്തും ജുറെലും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് കൂറ്റൻ ലീഡുറപ്പാക്കി. റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 170 പന്തില്‍ 15 ഫോറും ഒരു സിക്സും പറത്തിയ ജുറെല്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ഇന്നിംഗ്സിലും ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ 175 പന്തില്‍ 132 റണ്‍സുമായി പുറത്താകാതെ നിന്ന ജുറെലിന്‍റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

കെ എല്‍ രാഹുലിന്‍റെയും(27) കുല്‍ദീപ് യാദവിന്‍റെയും(16) വിക്കറ്റുകൾ ഇന്ത്യക്ക് മൂന്നാം ദിനം ആദ്യ സെഷനില്‍ നഷ്ടമായിരുന്നു. 27 റണ്‍സെടുത്ത രാഹുലിനെ ഒഖുലെ സിലെ ബൗള്‍ഡാക്കിയപ്പോള്‍ 16 റണ്‍സെടുത്ത കുല്‍ദീപിനെ സുബ്രായന്‍ മടക്കി. നേരത്തെ രണ്ടാം ദിനം ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 255 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക എ 221 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ മാര്‍ക്വസ് അക്കര്‍മാന്‍റെ(118 പന്തില്‍ 134) വെടിക്കെട്ട് സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്ക എക്ക് കരുത്തായത്.

ആശ്വാസമായി റിഷഭ് പന്തിന്‍റെ തിരിച്ചുവരവ്

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷെപ്പോ മൊറേക്കിയുടെ പന്ത് കൈത്തണ്ടയില്‍ കൊണ്ട് പരിക്കേറ്റ് നായകന്‍ റിഷഭ് പന്ത് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് പരിക്കേറ്റ റിഷഭ് പന്ത് മൂന്ന് മാസത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വീണ്ടും പരിക്കേറ്റത്. അടുത്ത ആഴ്ച തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയാണ് റിഷഭ് പന്ത്. എന്നാല്‍ മൂന്നാം ദിനം ഹര്‍ഷ് ദുബെയുടെ വിക്കറ്റ് വീണതിന് പിന്നാലെ റിഷഭ് പന്ത് വീണ്ടും ബാറ്റിംഗിനായി ക്രീസിലെത്തിയത് ഇന്ത്യക്ക് ആശ്വാസമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍