Latest Videos

സൂര്യയെ ഒളിപ്പിച്ചു നിര്‍ത്തിയിട്ടും രക്ഷയില്ല, സഞ്ജുവിനെ തഴഞ്ഞതിനെ ഇനി എന്ത് പറഞ്ഞ് ന്യായീകരിക്കും

By Web TeamFirst Published Mar 23, 2023, 8:07 AM IST
Highlights

രണ്ട് വിക്കറ്റ് നഷ്ടമായ ഘട്ടത്തില്‍ സൂര്യയെ ബാറ്റിംഗിനിറക്കാതെ കെ എല്‍ രാഹുലിനെ ബാറ്റിംഗിന് അയച്ചു. രാഹുല്‍ പുറത്തായപ്പോള്‍ അക്സറിനെയും അക്സര്‍ പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ബാറ്റിംഗിന് അയച്ച് സൂര്യയെ സംരക്ഷിച്ചു നിര്‍ത്തി.

ചെന്നൈ: ശ്രേയസ് അയ്യര്‍ക്ക് ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദില്‍ നടന്ന നാലാം ടെസറ്റിനിടെ പരിക്കേറ്റതോടെ പകരക്കാരനായി ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുമെന്ന് കരുതിയത് മലയാളികള്‍ മാത്രമായിരുന്നില്ല. ഏകദിന ക്രിക്കറ്റില് അവസാനം കളിച്ച 10 മത്സരങ്ങളില്‍‍ 60ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിനെ ശ്രേയസിന്‍റെ പകരക്കാരനായി പരിഗണിക്കണമെന്ന് ക്രിക്കറ്റ് നിരീക്ഷകരും കമന്‍റേറ്റര്‍മാരുമെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രേയസിന് പകരക്കാരനെ വേണ്ടെന്നതായിരുന്നു ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെയും സെലക്ടര്‍മാരുടെയും നിലപാട്.

ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറില്‍ പരീക്ഷിക്കാനായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെയും തീരുമാനം. എന്നാല്‍ ആദ്യ രണ്ട് കളികളിലും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരേരീതിയില്‍ പുറത്തായതോടെ സമ്മര്‍ദ്ദത്തിലായത് ശരിക്കും രോഹിത്തും ദ്രാവിഡുമായിരുന്നു. മൂന്നാം ഏകദിനത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൂര്യയുടെ മോശം പ്രകടനത്തെ ദ്രാവിഡ് ന്യായീകരിച്ചത് സൂര്യക്ക് ഏകദിന ക്രിക്കറ്റ് കളിച്ച് പരിചയമില്ലെന്ന് പറഞ്ഞായിരുന്നു. ഇനിയൊരു പരാജയം സൂര്യയുടെ ഏകദിന കരിയര്‍ തന്നെ ഒരുപക്ഷെ അവസാനിപ്പിച്ചേക്കാമെന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ടായിരുന്നു.

ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായി സൂര്യകുമാര്‍ യാദവ്

ഓസ്ട്രേലിയക്കെതിരായ മൂന്നാം മത്സരത്തില്‍ അതുകൊണ്ടുതന്നെ സൂര്യക്ക് പകരം ഇഷാന്‍ കിഷനെ കളിപ്പിച്ച് രണ്ടുപേരുടെയും സ്ഥാനം സുരക്ഷിതമാക്കാനാവും അവര്‍ ശ്രമിക്കുക എന്നും വിലയിരുത്തലുണ്ടായി. സ്വാഭിവകമായും സഞ്ജുവിന്‍റെ സാധ്യതകള്‍ അതോടെ ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ നിര്‍ണായക മൂന്നാം മത്സരത്തിലും സൂര്യയെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തി രോഹിത്തും ദ്രാവിഡും പിന്തുണ പരസ്യമാക്കി.

രണ്ട് വിക്കറ്റ് നഷ്ടമായ ഘട്ടത്തില്‍ സൂര്യയെ ബാറ്റിംഗിനിറക്കാതെ കെ എല്‍ രാഹുലിനെ ബാറ്റിംഗിന് അയച്ചു. രാഹുല്‍ പുറത്തായപ്പോള്‍ അക്ഷറിനെയും അക്ഷര്‍ പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ബാറ്റിംഗിന് അയച്ച് സൂര്യയെ സംരക്ഷിച്ചു നിര്‍ത്തി. ഒടുവില്‍ വിരാട് കോലിയെ നഷ്ടമായതോടെ മറ്റ് വഴികളില്ലാതെ ജഡേജക്ക് തൊട്ടുമുമ്പ് സൂര്യയെ ഇറക്കി. കഴിഞ്ഞ രണ്ട് കളികളിലും നേരിട്ട ആദ്യ പന്തില്‍ പുറത്തായ സൂര്യ ഇത്തവണ വീണത് ആഷ്ടണ്‍ അഗറിന്‍റെ സ്പിന്നിന് മുന്നിലായിരുന്നു. സ്പിന്നര്‍മാരെ മികച്ച രീതിയില്‍ കളിക്കുന്ന സൂര്യക്ക് അഗറിനെതിരെ പോലും മികച്ചൊരു പ്രതിരോധമുണ്ടായില്ല.

സ്‌കൈ, 360 ഡിഗ്രി...എന്തൊക്കെ ബഹളമായിരുന്നു; ഹാട്രിക് ഗോള്‍ഡന്‍ ഡക്കില്‍ സൂര്യയെ പൊരിച്ച് ആരാധകര്‍

സഞ്ജു സാംസണ്‍ പൂര്‍ണ കായികക്ഷമത കൈവരിക്കാത്തതാണ് ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണമായി പറഞ്ഞിരുന്നതെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലന സെഷനില്‍ അടിച്ചു തകര്‍ക്കുന്ന സ‍ഞ്ജുവിന‍്‍റെ വീഡിയോ ഇന്ന് പുറത്തുവന്നിരുന്നു. എന്താായാലും ഇനി രണ്ട് മാസത്തോളം ഐപിഎല്‍ ആവേശക്കാലമായതിനാലും ഇന്ത്യ അടുത്തൊന്നും ഏകദിനങ്ങളില്‍ കളിക്കാത്തതിനാലും സൂര്യയുടെ ഈ പ്രകടനവും ആരാധകര്‍ മറക്കും.

വരാനിരിക്കുന്ന ഐപിഎല്ലിലെ വെടിക്കെട്ടിന്‍റെ കരുത്തില്‍ സൂര്യയും രാഹുലുമെല്ലാം വീണ്ടും ഏകദിന ടീമിലെത്തുകയും ലോകകപ്പ് ടീമില്‍ കളിക്കുകയും ചെയ്തേക്കാം. അപ്പോഴും ഐപിഎല്‍ താരമായി മാത്രം സഞ്ജു ഒതുങ്ങിപ്പോകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

click me!