ഈ സൂര്യകുമാര്‍ യാദവിനെയാണോ എ ബി ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യുന്നത് എന്ന ചോദ്യമായി ആരാധകര്‍ രംഗത്ത് 

ചെന്നൈ: ട്വന്‍റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. 2022ല്‍ സൂര്യകുമാര്‍ യാദവ് ഫോമിന്‍റെ അത്യുന്നതിയില്‍ നില്‍ക്കുന്നതാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ ഏകദിന ടീമിലേക്ക് അവസരം കിട്ടിയപ്പോള്‍ ഈ വര്‍ഷം സൂര്യയുടെ ബാറ്റ് ഇളകുന്നതാണ് ആരാധകര്‍ കാണുന്നത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ സ്കൈ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. 

ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ എല്‍ബിയിലൂടെയായിരുന്നു സൂര്യകുമാര്‍ യാദവ് പുറത്തായത്. അതുകൊണ്ട് തന്നെ ചെന്നൈയിലെ മൂന്നാം ഏകദിനം സൂര്യക്ക് ജീവന്‍മരണ പോരാട്ടമാകുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ സ്‌പിന്നര്‍ ആഷ്‌ടണ്‍ അഗര്‍ എറിഞ്ഞ 36-ാംമത്തെ ഓവറിലെ ആദ്യ പന്തില്‍ മുന്‍ നായകന്‍ വിരാട് കോലി വീണപ്പോള്‍ ക്രീസിലേക്കെത്തിയ സൂര്യയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചത് വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കി ടീമിനെ വിജയിപ്പിക്കുന്ന ഫിനിഷിംഗ് ഇന്നിംഗ്‌സാണ്. എന്നാല്‍ സൂര്യയുടെ ഏകദിന കരിയര്‍ തന്നെ ഫിനിഷായ രീതിയിലായിപ്പോയി മത്സരം. അഗറിന്‍റെ ആദ്യ പന്തില്‍ പേസും ബൗണ്‍സും പിടികിട്ടാതെ സൂര്യ ബൗള്‍ഡായി. ഓസീസിനെതിരെ മൂന്ന് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായി എന്ന നാണക്കേട് സൂര്യകുമാറിന്‍റെ പേരിനൊപ്പമായി. ഹാട്രിക് ഗോള്‍ഡന്‍ ഡക്കിന് പിന്നാലെ അതിരൂക്ഷമായ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ സൂര്യകുമാര്‍ യാദവ് നേരിടുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഈ വര്‍ഷം ഏകദിന ലോകകപ്പ് വരാനിരിക്കേ ടീമില്‍ സൂര്യകുമാര്‍ യാദവിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നതാണ് നിലവിലെ ദയനീയ പ്രകടനം. പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പുറത്തായതോടെ അവസരം ലഭിച്ച സൂര്യക്ക് ടി20യിലെ മിന്നലാട്ടം ഏകദിനത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയാതെ പോയി. ഇതോടെ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ സൂര്യക്ക് പകരം കളിപ്പിക്കണം എന്ന ആവശ്യം വീണ്ടും ശക്തമാകും എന്നുറപ്പ്. 

അയ്യയ്യേ ഇത് നാണക്കേട്; ഹാട്രിക് ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്