ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നു മുതല്‍ ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുള്ളവരില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കാവുന്ന രണ്ടാമത്തെ ബാറ്ററുമാണ് സൂര്യകുമാര്‍ യാദവ്.

ചെന്നൈ: ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനോളം മികവുള്ള ബാറ്റര്‍മാര്‍ സമകാലീന ക്രിക്കറ്റില്‍ തന്നെ വിരളമാണ്. എന്നാല്‍ ഏകദിന ക്രിക്കറ്റിലെത്തുമ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെ റെക്കോര്‍ഡ് ശരാശരി ബാറ്ററെക്കാളും താഴെയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായതോടെ സൂര്യകുമാര്‍ കുറിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റെക്കോര്‍ഡുകളിലൊന്നാണ്. കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള ഏകദിന പരമ്പരയില്‍ ഇതാദ്യമായാണ് ഒരു ബാറ്റര്‍ മുഴുവന്‍ മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കാവുന്നത്.

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നു മുതല്‍ ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുള്ളവരില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കാവുന്ന രണ്ടാമത്തെ ബാറ്ററുമാണ് സൂര്യകുമാര്‍ യാദവ്. 1994ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് സൂര്യക്ക് മുമ്പ് മൂന്നു തുടര്‍ മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായ ഇന്ത്യന്‍ ബാറ്റര്‍. വാലറ്റക്കാരില്‍ 1996ല്‍ അനില്‍ കുംബ്ലെയും 2003-2004ല്‍ സഹീര്‍ ഖാനും 2010-2011ല്‍ ഇഷാന്ത് ശര്‍മയും 2017-2019ല്‍ ജസ്പ്രീത് ബുമ്രയും സൂര്യക്കും സച്ചിനും മുമ്പ് മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ഡന്‍ ഡക്കായിട്ടുണ്ട്.

Scroll to load tweet…

സാംപ താളത്തില്‍ പൊലിഞ്ഞ് ഇന്ത്യ; ചെന്നൈ ജയത്തോടെ ഓസീസിന് ഏകദിന പരമ്പര

ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാറിന് ഏകദിന ക്രിക്കറ്റില്‍ ഇതുവരെ ഫോമിലെത്താനായിട്ടില്ല.നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് സൂര്യയെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും നാലാം നമ്പറില്‍ പരീക്ഷിച്ചത്. എന്നാല്‍ മുംബൈയിലും ചെന്നൈയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ സൂര്യ ചെന്നൈയില്‍ ബാറ്റിംഗിനിറങ്ങിയത് ഏഴാം നമ്പറിലായിരുന്നു. സൂര്യക്ക് പകരം കെ എല്‍ രാഹുലായിരുന്നു നാലാം നമ്പറില്‍ ഇറങ്ങിയത്. രാഹുല്‍ പുറത്തായ ശേഷം അക്ഷറിനെയും ഹാര്‍ദ്ദിക്കിനെയും ഇറക്കിയതിനുശേഷമാണ് സൂര്യയെ ഇറക്കിയത്. എന്നിട്ടും ആഷ്ടണ്‍ അഗറിന്‍റെ പന്തില്‍ സൂര്യ ക്ലീന്‍ ബൗള്‍ഡായി പുറത്തായി.