
ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ പിന്നാലെ യുവതലമുറയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചോ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചോ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും യുവ കൂട്ടായ്മയുടെ വ്യക്തത, കൂട്ടായ്മ, വിട്ടുവീഴ്ചയില്ലാത്ത മനോഭാവം എന്നിവയെ കാര്‍ത്തിക് പ്രശംസിച്ചു. രാജി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് രാജ്യത്തെ യുവതലമുറയ്ക്ക് ആത്മവിശ്വാസം പകരുന്ന സന്ദേശവുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് രംഗത്തെത്തിയത്.
നിരന്തരമായ ജനകീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മന്ത്രിയുടെ രാജിയെന്ന വലിയ വിജയത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം എത്തിയ ദിവസമാണ് എക്‌സിലൂടെ കാര്‍ത്തിക് തന്റെ പ്രതികരണം അറിയിച്ചത്. പ്രക്ഷോഭങ്ങള്‍ക്കിടെ പ്രതികരിച്ച ചുരുക്കം ചില പ്രമുഖ കായിക താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. രാജ്യത്തെ യുവാക്കളുടെ നിശ്ചയദാര്‍ഢ്യത്തെ അദ്ദേഹം വാനോളം പുകഴ്ത്തി. ''നമ്മളെല്ലാം പ്രവര്‍ത്തിക്കുന്നത് മികച്ചൊരു ഇന്ത്യയ്ക്ക് വേണ്ടിയാണ്. ഇന്നത്തെ യുവതലമുറയുടെ വ്യക്തതയും കൂട്ടായ്മയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും എന്നെ അതിശയിപ്പിക്കുന്നു. ഭാവി ശോഭനമാണ്, വരും തലമുറ നമ്മെ പുതിയ ഉയരങ്ങളില്‍ എത്തിക്കും. ജയ് ഹിന്ദ്.'' കാര്‍ത്തിക് കുറിച്ചു.
നേരത്തെ, സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംഗും വിദ്യാര്‍ത്ഥികളെ പിന്തുണച്ചും സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചും സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നെങ്കിലും, അവര്‍ രാഷ്ട്രീയപരമായ ആവശ്യങ്ങളില്‍ നിന്നും വിട്ടുനിന്ന് തികച്ചും നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാനും ദേശവിരുദ്ധ ശക്തികള്‍ പ്രതിഷേധങ്ങളെ മുതലെടുക്കുന്നത് തടയാനുമാണ് താന്‍ രാജിവെക്കുന്നതെന്ന വിശദീകരണത്തോടെ ശനിയാഴ്ചയാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരും കോക്രോച്ച് ജനതാ പാര്‍ട്ടിയും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ചകള്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു രാജി. മന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് സിജെപി നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
രാജിവര്‍ത്ത പുറത്തുവന്നതോടെ ഒരു മാസത്തിലേറെയായി ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ ഈ പ്രതിഷേധം സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൊന്നായി മാറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!