
ടോക്കിയോ: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഫൈനലിലെത്താന്‍ എളുപ്പവഴി. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ കടുത്ത മത്സരങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങള്‍ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടങ്ങളില്‍ മാത്രം നടക്കത്തക്ക രീതിയിലാണ് ഗ്രൂപ്പ് ക്രമീകരണങ്ങള്‍.
സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ ടി20 ഫോര്‍മാറ്റിലാണ് എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന വനിതാ മത്സരം നടക്കുന്നത്. ടൂര്‍ണമെന്റിലെ തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള ആദ്യ മത്സരത്തില്‍ ആതിഥേയരായ ജപ്പാനെതിരെയാണ് ഇന്ത്യന്‍ വനിതാ ടീം കളത്തിലിറങ്ങുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെ തോല്‍പ്പിച്ചാല്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും സെമിയില്‍ ബംഗ്ലാദേശോ ചൈനയോ എതിരാളികളായി വരും. മറുഭാഗത്ത്, പാകിസ്ഥാന്‍ തായ്ലന്‍ഡിനൊപ്പം എതിര്‍ ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്. ശ്രീലങ്ക മലേഷ്യയെ നേരിടും. ഈ ക്രമീകരണം കാരണം വനിതാ വിഭാഗത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം നടക്കുകയാണെങ്കില്‍ അത് ഫൈനല്‍ മത്സരത്തില്‍ മാത്രമായിരിക്കും. ഹാങ്ചൗ 2023ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഫൈനലില്‍ ശ്രീലങ്കയെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണ മെഡല്‍ നേടിയത്. ഈ ആത്മവിശ്വാസവുമായാണ് ടീം ഇത്തവണയും ഇറങ്ങുന്നത്.
സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് പുരുഷ വിഭാഗം മത്സരങ്ങള്‍ നടക്കുന്നത്. ടി20 റാങ്കിംഗില്‍ മുന്‍നിര ഏഷ്യന്‍ ടീമുകളെന്ന നിലയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേഷ്, ശ്രീലങ്ക എന്നീ ടീമുകള്‍ പ്രിലിമിനറി ഘട്ടങ്ങള്‍ ഒഴിവാക്കി നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാന്‍, ജപ്പാന്‍, നേപ്പാള്‍ എന്നീ ടീമുകള്‍ കളിക്കും. ഗ്രൂപ്പ് ബിയില്‍ ഹോങ്കോംഗ് ചൈന, മലേഷ്യ, ഒമാന്‍ എന്നീ ടീമുകളും ഏറ്റുമുട്ടും. ഇതില്‍ നിന്ന് മുന്നിലെത്തുന്ന മികച്ച രണ്ട് ടീമുകളാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുക. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യന്‍ പുരുഷ ടീമും നിലവിലെ ചാമ്പ്യന്മാരായി എത്തിയത്. മഴമൂലം തടസ്സപ്പെട്ട ഫൈനലില്‍ ഉയര്‍ന്ന റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്.
ഇരു ഇന്ത്യന്‍ ടീമുകളും തങ്ങളുടെ അനുകൂലമായ വഴികളിലൂടെ മുന്നേറിയാല്‍, സ്വര്‍ണത്തിനായി നടക്കുന്ന പോരാട്ടത്തില്‍ ആരാധകര്‍ക്ക് രണ്ട് ഹൈ-പ്രൊഫൈല്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ കാണാന്‍ അവസരമൊരുങ്ങിയേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!