മോര്‍ഗന്‍ വന്നിട്ടും മാറ്റമില്ല; നൈറ്റ് റൈഡേഴ്സിന്‍റെ നായകന്‍ കാര്‍ത്തിക് തന്നെ

By Web TeamFirst Published Dec 20, 2019, 8:48 AM IST
Highlights

ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മോർഗനെ 5.25 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ക്യാപ്റ്റൻസിയിൽ കാർത്തിക്കിനെ സഹായിക്കുന്നതിനൊപ്പം നാലാം നമ്പറിൽ ടീമിന് കിട്ടിയ ഏറ്റവും മികച്ച താരമാണ് മോർഗനെന്നും മക്കല്ലം

കൊല്‍ക്കത്ത: വരുന്ന ഐ പി എൽ സീസണിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ദിനേശ് കാർത്തിക്ക് നയിക്കുമെന്ന് പരിശീലകന്‍ ബ്രണ്ടൻ മക്കല്ലം. ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ കൊൽക്കത്തയുടെ പുതിയ ക്യാപ്റ്റനായേക്കുമെന്ന അഭ്യൂഹം പരന്നതോടെയാണ് മക്കല്ലം ടീമിന്റെ നിലപാട് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മോർഗനെ 5.25 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്.

ക്യാപ്റ്റൻസിയിൽ കാർത്തിക്കിനെ സഹായിക്കുന്നതിനൊപ്പം നാലാം നമ്പറിൽ ടീമിന് കിട്ടിയ ഏറ്റവും മികച്ച താരമാണ് മോർഗനെന്നും മക്കല്ലം പറഞ്ഞു. അതേസമയം, പന്ത്രണ്ട് രാജ്യങ്ങളിലെ 332പേരുടെ ലേലത്തിൽനിന്ന് ടീമുകൾ ഇന്നലെ സ്വന്തമാക്കിയത് 62താരങ്ങളെയാണ്, ഇതിൽ 29പേർ വിദേശികളും. ആകെ ടീമുകൾ മുടക്കിയത് 140.3 കോടി രൂപ.

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശതാരം എന്ന തലയെടുപ്പോടെയാണ് പാറ്റ് കമ്മിൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയത്. ഡൽഹി കാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവരുടെ മത്സരത്തെ അതിജീവിച്ച കൊൽകത്ത കമ്മിൻസിനായി വാരിയെറിഞ്ഞത് പതിനഞ്ചരക്കോടി രൂപയാണ്.

2017 സീസണിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്, ബെൻ സ്റ്റോക്സിനായി മുടക്കിയ പതിനാലരക്കോടിയുടെ റെക്കോർഡാണ് കമ്മിൻസ് മറികടന്നത്. ഗ്ലെൻ മാക്സ്‍വെൽ പത്തേമുക്കാൽ കോടി രൂപയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബിൽ തിരിച്ചെത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനായി ബാംഗ്ലൂർ മുടക്കിയത് പത്തുകോടി രൂപ.

ഷെൽഡൺ കോട്രലിനെ എട്ടരക്കോടിക്ക് പഞ്ചാബും നേഥൻ കോൾട്ടർനൈലിനെ എട്ട് കോടിക്ക് മുംബൈ ഇന്ത്യൻസും ഷിമ്രോൺ ഹെറ്റ്മെയറിനെ ഏഴേമുക്കാൽ കോടിക്ക് ഡൽഹി കാപിറ്റൽസും സാം കറണെ അഞ്ചരക്കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സും ആരോൺ ഫിഞ്ചിനെ നാല് കോടി നാൽപത് ലക്ഷത്തിന് ബാംഗ്ലൂരും ടീമിലെത്തിച്ചു.

click me!