
കൊളംബോ: പാകിസ്ഥാന് ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടം. ടി20 ലോകകപ്പിൽ സൂപ്പർ 8 പ്രതീക്ഷകൾ നിലനിർത്താൻ സൽമാൻ അലി ആഗയ്ക്കും സംഘത്തിനും ഇന്ന് നമീബിയയെ പരാജയപ്പെടുത്തിയേ തീരൂ. ഇന്ത്യയോടേറ്റ ദയനീയ തോൽവിക്ക് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായ പാകിസ്ഥാൻ, കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വെച്ചാണ് നമീബിയയെ നേരിടുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്കാണ് പാകിസ്ഥാന്‍-നമീബിയ പോരാട്ടം.
ഇന്ത്യക്കെതിരെ നേരിട്ട 61 റൺസിന്‍റെ കനത്ത തോൽവി പാക് നിരയുടെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്. ഏഷ്യാ കപ്പിലെ തോൽവികൾക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രഖ്യാപിച്ചെത്തിയ പാകിസ്ഥാന്, ലോകകപ്പിലും ഇന്ത്യക്കെതിരെ അടിപതറി. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ചാൽ മാത്രമേ അവർക്ക് സൂപ്പർ 8 സാധ്യതകൾ സജീവമാക്കാൻ സാധിക്കൂ. ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബർ അസമും ഷഹീൻ അഫ്രീദിയും ഫോമിലല്ലാത്തത് പാകിസ്ഥാനെ വലയ്ക്കുന്നുണ്ട്. സ്പിന്നർമാർക്ക് മുന്നിൽ ബാബർ അസം വീണ്ടും പതറുന്നത് വലിയ ആശങ്കയാണ്.
പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഷഹീൻ അഫ്രീദി റൺസ് വിട്ടുകൊടുക്കുന്നതും ടീമിന് തിരിച്ചടിയാവുന്നു. ഇരുവരുടെയും ടീമിലെ സ്ഥാനം പോലും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ന് നമീബിയക്കെതിരെ ഇരുവരെയും പാകിസ്ഥാന്‍ പുറത്തിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ടൂർണമെന്‍റിൽ നിന്ന് ഇതിനോടകം പുറത്തായ നമീബിയയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ അവർക്ക് പാകിസ്ഥാനെ അട്ടിമറിച്ചുകൊണ്ട് ലോകകപ്പിനോട് വിടപറയാനാകും ശ്രമം. പാകിസ്ഥാന്‍റെ ഉസ്മാന്‍ താരിഖിന്‍റെ ശൈലിയില്‍ ബൗള്‍ ചെയ്യുന്ന നായകൻ ജെറാര്‍ഡ് ഇറാസ്മസ് ആണ് നമീബിയയുടെ പ്രതീക്ഷ. അതേസമയം നമീബിയയെ സ്പിന്‍ കെണിയില്‍ വീഴ്ത്താനാവും പാകിസ്ഥാന്‍ ശ്രമിക്കുക.
ഇന്ത്യക്കെതിരായ മത്സരത്തിലെ പിച്ചില്‍ നിന്ന് വ്യത്യസ്തമായി ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടിലേത്. അയർലൻഡ് ഇതേ ഗ്രൗണ്ടിൽ 235 റൺസ് നേടിയിരുന്നു. ബൗണ്ടറികൾ ചെറുതായതിനാൽ വലിയ സ്കോർ പ്രതീക്ഷിക്കാം. കൊളംബോയിൽ മേഘാവൃതമായ അന്തരീക്ഷമാണ്. മത്സരത്തിന് മുന്നോടിയായി മഴ പെയ്യാൻ നേരിയ സാധ്യതയുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകളും പോയന്‍റ് പങ്കിടും. ഈ സാഹചര്യത്തില്‍ അഞ്ച് പോയന്‍റുമായി പാകിസ്ഥാന്‍ അമേരിക്കയെ മറികടന്ന് സൂപ്പര്‍ 8ലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!