
പല്ലേക്കലെ: ടി20 ലോകകപ്പിൽ അവിശ്വസനീയമായ ട്വിസ്റ്റ്. ഗ്രൂപ്പ് ബിയിലെ അയർലൻഡ്-സിംബാബ്‌വെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ലോകകപ്പില്‍ സൂപ്പര്‍ 8ൽ എത്താതെ പുറത്തായി. സിംബാബ്‌വെയും അയര്‍ലന്‍ഡും ഓരോ പോയിന്‍റ് വീതം പങ്കിട്ടതോടെ സിംബാബ്‌വെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി ഇതാദ്യമായാണ് ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.
പല്ലേക്കലെ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ മുതൽ പെയ്ത കനത്ത മഴ ഒടുവിൽ ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെ 5 പോയിന്‍റോടെ ശ്രീലങ്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പർ 8-ൽ ഇടംപിടിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്‌വെയ്ക്ക് തുണയായത്. അവസാന മത്സരത്തില്‍ വെളളിയാഴ്ച ഒമാനെ നേരിടുന്ന ഓസ്ട്രേലിയക്ക് ജയിച്ചാലും പരമാവധി നാലു പോയിന്‍റ് മാത്രമെ നേടാനാവു. ഓസ്ട്രേലിയക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ 8ൽ എത്താതെ പുറത്തായി. സിംബാബ്‌വെയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതോടെ വ്യഴാഴ്ച നടക്കുന്ന സിംബാബ്‌വെ-ശ്രീലങ്ക മത്സരഫലം അപ്രസക്തമായി.
സൂപ്പര്‍ 8ലേക്ക് യോഗ്യത നേടിയതോടെ 2028-ൽ നടക്കുന്ന അടുത്ത ടി20 ലോകകപ്പിന് സിംബാബ്‌വെ നേരിട്ട് യോഗ്യത നേടി. കഴിഞ്ഞ ലോകകപ്പിന് സിംബാബ്‌വെക്ക് യോഗ്യത പോലും നേടാനായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ അട്ടിമറി ജയമാണ് സിംബാബ്‌വെക്ക് തുണയായത്. മുന്‍ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണിപ്പോള്‍. ഒമാന്‍ മാത്രമാണ് ഓസീസിന് പിന്നിലുള്ളത്. പ്രമുഖതാരങ്ങളുടെ പരിക്കും ഫോമില്ലായ്മയുമാണ് ഓസീസിന് ലോകകപ്പില്‍ തിരിച്ചടിയായത്. പരിക്കുമൂലം ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ് ഓസ്ട്രേലിയയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. മാര്‍ഷിന് പകരം ട്രാവിസ് ഹെഡായിരുന്നു ഓസീസിനെ നയിച്ചിരുന്നത്. പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, പാറ്റ് കമിന്‍സ് എന്നിവരും പരിക്കുമൂലം കളിക്കാതിരുന്നത് ഓസീസിന്‍റെ പുറത്താകലിന് കാരണമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!