
ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും ഇന്ത്യന്‍ ടീം മാനേജ്മെന്റിനുമെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. ടീമില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ കളിക്കാരെ പിന്തുണക്കാത്ത സമീപനമാണ് ടീം മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ഇതൊരിക്കലും ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യില്ലെന്നും ആശിഷ് നെഹ്റ പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയോട് സംസാരിക്കുകയായിരുന്നു നെഹ്റ.
വിശ്വാസമുള്ള കളിക്കാരെ ടീം മാനേജ്മെന്റ് പിന്തുണക്കുകയാണ് വേണ്ടത്. അല്ലാതെ ഇടക്കിടെ അവരെ മാറ്റി പരീക്ഷിക്കുകയല്ല. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ കോര്‍ ഗ്രൂപ്പ് എന്ന് പറയാവുന്നവര്‍ ഇല്ല. അതുകൊണ്ടുതന്നെ ഈ ടീമിന് ഓസ്ട്രേലിയയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും എക്കാലത്തെയും മികച്ച ടീമുകളോട് കിടപിടിക്കാനുമാവില്ല. എം എസ് ധോണിയുടെ പിന്‍ഗാമിയായി വന്ന ഋഷഭ് പന്തിന്റെ കാര്യം തന്നെ എടുക്കു. രാഹുലിനെ വിക്കറ്റ് കീപ്പറാക്കി പരീക്ഷിച്ചപ്പോള്‍ ടീമിന്റെ വെള്ളക്കുപ്പി ചുമക്കലാണ് ഇപ്പോള്‍ പന്തിന്റെ പണി. പന്തിന് നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്.
പക്ഷെ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുമ്പോഴും പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം നല്‍കുന്നില്ല. പ്രതിഭയുള്ളതുകൊണ്ടാണല്ലോ 22-23വയസുള്ള താരത്തെ ടീമില്‍ നിലനിര്‍ത്തുന്നത്. അതുപോലെ പ്രതിഭാധനരായ നിരവധി താരങ്ങളുണ്ട്. അവരെ ദീര്‍ഘകാലത്തേക്ക് പിന്തുണക്കാന്‍ ടീം മാനേജ്മെന്റ് തയാറാവണം. ഇപ്പോഴും ഇന്ത്യന്‍ ഏകദിന ടീമിലെ അഞ്ചാം നമ്പറിനെക്കുറിച്ചോ ആറാം നമ്പറിനെക്കുറിച്ചോ ആര്‍ക്കും ധാരണയില്ല. ഏകദിനങ്ങളില്‍ രാഹുല്‍ അഞ്ചാം നമ്പറിലാണോ ബാറ്റ് ചെയ്യുക എന്നതും ഉറപ്പില്ല. ഇതുപോലെ തുടര്‍ച്ചയായി കളിക്കാരെ മാറ്റി മാറ്റി പരീക്ഷിക്കുന്നത് ടീമിന് ഒരിക്കലും ഗുണം ചെയ്യില്ല-നെഹ്റ പറഞ്ഞു.
Alos Read: ഫിറ്റ്‌നെസ് അപാരം; കോലി 40 വയസുവരെ ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് മുന്‍ താരം
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞത്, ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ ഏകദിന പരമ്പരയിലെ തോല്‍വി കാര്യമാക്കേണ്ട എന്നാണ്. പരമ്പര ജയിച്ചതിന് ശേഷമാണ് ഈ ന്യായം പറഞ്ഞിരുന്നതെങ്കില്‍ ഇത് അംഗീകരിക്കാമായിരുന്നു. എന്നാല്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയശേഷം ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും.
ഏകദിന പരമ്പര പ്രധാനമല്ലായിരുന്നെങ്കില്‍ പിന്നെന്തിനാണ് അവിടെപ്പോയി കളിച്ചത്. ഏകദിനങ്ങളില്‍ ഇന്ത്യ ജയിക്കാനായി ശ്രമിച്ചില്ല എന്നാണോ പറയാന്‍ ശ്രമിച്ചത്. കോലിയുടെ പ്രസ്താവനയോട് എനിക്ക് യോജിക്കാനാവില്ല. കൊവിഡ് ആശങ്കയെത്തുടര്‍ന്ന് പന്തില്‍ തുപ്പല്‍ തേക്കുന്നത് വിലക്കുമെന്ന് വാര്‍ത്തകളുണ്ട്. അങ്ങനെ വന്നാല്‍ മത്സരങ്ങളില്‍ ബൗളര്‍മാര്‍ക്ക് നല്‍കാനായി അമ്പയര്‍മാരുടെ കൈവശം ഐസിസി വാസലിന്‍ നല്‍കുമോ. 90 ഓവര്‍ എറിയാന്‍ ഒരു കിലോ വാസലിന്‍ എന്ന കണക്കിലായിരിക്കുമോ ഇതെന്നും പരിഹാസരൂപേണ നെഹ്റ ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!