സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യാന്‍ പാടില്ല; സ്‌കൈ വിമര്‍ശകരുടെ വായടപ്പിച്ച് കപില്‍ ദേവ്

By Web TeamFirst Published Mar 24, 2023, 12:35 PM IST
Highlights

സൂര്യകുമാര്‍ യാദവിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിനെ പിന്തുണയ്‌ക്കുകയാണ് കപില്‍ ദേവ്

കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമായിരുന്നു. ഏകദിനത്തില്‍ 66 ബാറ്റിംഗ് ശരാശരി സഞ്ജുവിനുണ്ട് എന്നും ട്വന്‍റി 20 ഫോര്‍മാറ്റിലെ പ്രകടനത്തിലേക്ക് എത്താന്‍ സൂര്യക്ക് ആകുന്നില്ല എന്നുമായിരുന്നു ഈ വാദത്തിനായി ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഏകദിനത്തിലെ ദയനീയ പ്രകടനത്തിനിടയിലും സ്‌കൈയെ പിന്തുണയ്‌ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും നിലപാടിനെ ആരാധകര്‍ ചോദ്യം ചെയ്‌തിരുന്നു. 

എന്നാല്‍ സൂര്യകുമാര്‍ യാദവിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിന്‍റെ നടപടിയെ പിന്തുണയ്‌ക്കുകയാണ് ഇതിഹാസ ഓള്‍റൗണ്ടറും ലോകകപ്പ് വിജയ ക്യാപ്റ്റനുമായ കപില്‍ ദേവ്. സൂര്യകുമാര്‍ യാദവിനെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യുന്നത് നീതിയല്ല എന്ന് കപില്‍ വാദിക്കുന്നു. 'എപ്പോഴും നന്നായി കളിച്ചിട്ടുള്ള താരത്തിന് കൂടുതല്‍ അവസരം ലഭിക്കണം. സൂര്യയെ സഞ്ജുവുമായി താരതമ്യം ചെയ്യാന്‍ പാടില്ല. അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയല്ല. സഞ്ജു മോശം കാലത്തിലൂടെ കടന്നുപോയാല്‍ നാം മറ്റൊരു താരത്തെ കുറിച്ച് സംസാരിക്കും. അങ്ങനെ സംഭവിക്കാന്‍ പാടില്ല. ടീം മാനേജ്‌മെന്‍റ് ഒരു താരത്തെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചാല്‍ അദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. തീര്‍ച്ചയായും ആളുകള്‍ പല അഭിപ്രായങ്ങളും പറയും. എന്നാല്‍ താരങ്ങളുടെ സെലക്ഷന്‍ ടീം മാനേജ്‌മെന്‍റിന്‍റെ കൈകളിലുള്ള കാര്യമാണ്' എന്നും കപില്‍ ദേവ് എബിപി ന്യൂസിനോട് പറഞ്ഞു. 

ഓസീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും നാലാമനായി ഇറങ്ങി സൂര്യകുമാര്‍ യാദവ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ എല്‍ബിയില്‍ ഗോള്‍ഡന്‍ ഡക്കായി എങ്കില്‍ മൂന്നാം ഏകദിനത്തില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയിട്ടും താരത്തിന് തിളങ്ങാനായില്ല. ചെന്നൈയിലും നേരിട്ട ആദ്യ പന്തില്‍ ആഷ്‌ടണ്‍ അഗറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ട്വന്‍റി 20യിലെ നമ്പര്‍ 1 ബാറ്ററായ സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ 21 ഇന്നിംഗ്‌സുകളില്‍ രണ്ട് തവണ മാത്രമാണ് ഫിഫ്റ്റി കണ്ടെത്തിയത്. 24.6 മാത്രമാണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ ആകെ സ്കോര്‍ 433. അതേസമയം സഞ്ജുവിന് 10 ഏകദിന ഇന്നിംഗ്‌സുകളില്‍ 66 ശരാശരിയില്‍ രണ്ട് ഫിഫ്റ്റികളോടെ 330 റണ്ണുണ്ട്. അതേസമയം രാജ്യാന്തര ടി20യില്‍ 46 ഇന്നിംഗ്‌സുകളില്‍ മൂന്ന് സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറികളോടെയും 1675 റണ്‍സ് സ്‌കൈക്കുണ്ട്. ബാറ്റിംഗ് ശരാശരി 46.53 ഉം സ്‌ട്രൈക്ക് റേറ്റ് 175.76 ഉം.  

ഐപിഎല്‍: സഞ്ജു സാംസണെ ഒരു പ്രശ്‌നം അലട്ടിയേക്കാം, മുന്നറിയിപ്പുമായി ആകാശ് ചോപ്ര

click me!