ബെയ്ര്‍‌സ്റ്റോ ഇല്ലെങ്കിലും പഞ്ചാബ് കിംഗ്‌സിന് സന്തോഷ വാര്‍ത്ത; ഇംഗ്ലണ്ട് സ്റ്റാറുകള്‍ക്ക് അനുമതി

By Web TeamFirst Published Mar 24, 2023, 10:25 AM IST
Highlights

2022ലെ മെഗാ താരലേലത്തില്‍ 6.75 കോടി രൂപ മുടക്കി സ്വന്തമാക്കിയ ജോണി ബെയ്ർസ്റ്റോയെ പഞ്ചാബ് കിംഗ്‌സ് വരും സീസണിലേക്ക് നിലനിർത്തുകയായിരുന്നു

മൊഹാലി: ഐപിഎല്‍ പതിനാറാം സീസണില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയ്ര്‍‌സ്റ്റോ കളിക്കില്ലെന്ന വാര്‍ത്തകള്‍ക്കിടയിലും പഞ്ചാബ് കിംഗ്‌സിന് ആശ്വാസം. വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിംഗ്സ്റ്റണിന് ഐപിഎല്ലില്‍ കളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നൽകി. പരിക്ക് കാരണം ഡിസംബറിന് ശേഷം ഇംഗ്ലണ്ടിനായി ലിവിംഗ്സ്റ്റൺ കളിച്ചിരുന്നില്ല. എങ്കിലും ഐപിഎല്‍ സീസൺ മുഴുവനും കളിക്കാൻ താരത്തിന് ഇസിബി അനുമതി നൽകുകയായിരുന്നു. 11.50 കോടി രൂപ മുടക്കിയാണ് താരലേലത്തിൽ ലിവിംഗ്സ്റ്റണെ പഞ്ചാബ് സ്വന്തമാക്കിയത്. 18.5 കോടി മുടക്കി പഞ്ചാബ് ടീമിലെത്തിച്ച ഓൾറൗണ്ടര്‍ സാം കറനും ഐപിഎല്ലിൽ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. 

അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്ക് എൻഒസി നൽകിയില്ല. 2022ലെ മെഗാ താരലേലത്തില്‍ 6.75 കോടി രൂപ മുടക്കി സ്വന്തമാക്കിയ ജോണി ബെയ്ർസ്റ്റോയെ പഞ്ചാബ് കിംഗ്‌സ് വരും സീസണിലേക്ക് നിലനിർത്തുകയായിരുന്നു. എന്നാല്‍ 2022 സെപ്റ്റംബറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് കളിക്കുന്നതിനിടെ ഇടംകാലിലെ കുഴയ്ക്ക് ഏറ്റ പരിക്ക് ബെയ്ർസ്റ്റോയ്‌ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിന് പിന്നാലെ ബെയ്ര്‍‌സ്റ്റോയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോള്‍ താരത്തിന് ട്വന്‍റി 20 ലോകകപ്പ് നഷ്‌ടമായിരുന്നു. ഐപിഎല്ലിലൂടെ മത്സര ക്രിക്കറ്റിലേക്ക് ബെയ്ര്‍‌സ്റ്റോ തിരിച്ചുവരും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും ആഷസ് പരമ്പര മുന്‍നിര്‍ത്തി തിടുക്കത്തില്‍ താരത്തെ മടക്കിക്കൊണ്ടുവരണ്ട എന്ന് ഇസിബി തീരുമാനിക്കുകയായിരുന്നു. ആഷസിന് മുമ്പ് കൗണ്ടി ക്രിക്കറ്റില്‍ ബെയ്ര്‍‌സ്റ്റോ കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

ഇംഗ്ലണ്ടില്‍ നിന്നുള്ള മറ്റ് താരങ്ങളായ മാര്‍ക്ക് വുഡ്(ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്), ജോഫ്ര ആര്‍ച്ചര്‍(മുംബൈ ഇന്ത്യന്‍സ്), ബെന്‍ സ്റ്റോക്‌സ്(ചെന്നൈ സൂപ്പര്‍ കിംഗ്‌സ്) എന്നിവര്‍ ഐപിഎല്ലില്‍ കളിക്കും. ഐപിഎല്ലിനായി സ്റ്റോക്‌സ് ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ആര്‍സിബിയുടെ ഇംഗ്ലീഷ് താരം വില്‍ ജാക്ക്‌സ് പരിക്കേറ്റ് ഇതിനകം പുറത്തായിട്ടുണ്ട്. 

പഞ്ചാബ് കിംഗ്‌സ് സ്ക്വാഡ്: അർഷ്‌ദീപ് സിംഗ്, ശിഖർ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയ്ർസ്റ്റോ, ഷാരൂഖ് ഖാന്‍, ഹർപ്രീത് ബ്രാർ, പ്രഭ്‍സിമ്രാന്‍ സിംഗ്, ജിതേഷ് ശർമ്മ, രാഹുല്‍ ചഹാർ, ലിയാം ലിവിംഗ്സ്റ്റണ്‍, രാജ് ബാവ, റിഷി ധവാന്‍, ബല്‍തേജ് ദാണ്ട, നേഥന്‍ എല്ലിസ്, അഥർവ ടൈഡേ, ഭാനുക രജപക്സെ, സാം കറന്‍, സിക്കന്ദർ റാസ, ഹർപ്രീത് ഭാട്ട്യ, വിദ്വത് കവരെപ്പ, മൊഹിത് രാത്തേ, ശിവം സിംഗ്. 

ഏഷ്യ കപ്പ്: പോരിനൊടുവില്‍ വേദി തീരുമാനമായി, ഇന്ത്യന്‍ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്തേക്ക്

click me!