ശസ്‌ത്രക്രിയ വിജയകരം; ബുമ്രയുടെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ തീവ്ര ശ്രമങ്ങള്‍, പദ്ധതികള്‍ ഇങ്ങനെ

By Web TeamFirst Published Mar 24, 2023, 11:59 AM IST
Highlights

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജസ്‌പ്രീത് ബുമ്ര ടീം ഇന്ത്യക്കായി അവസാനം കളിച്ചത്

ബെംഗളൂരു: ന്യൂസിലന്‍ഡിലെ വിജയകരമായ ശസ്‌ത്രക്രിയക്ക് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തും. ആറ് മാസത്തിലധികമായി ബുമ്രയുടെ പരിക്ക് മാറാത്തതിനാല്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയാണ് താരത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്നത്. ഐപിഎല്‍ 2023 സീസണ്‍ നഷ്‌ടമാകുമെന്ന് ഇതിനകം ഉറപ്പായ ബുമ്രക്കായി ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി പ്രത്യേക ഫിറ്റ്‌നസ് പദ്ധതി ബിസിസിഐ ആസൂത്രണം ചെയ്യും. 

കഴിഞ്ഞ ഒക്ടോബറിലാണ് ജസ്‌പ്രീത് ബുമ്ര ടീം ഇന്ത്യക്കായി അവസാനം കളിച്ചത്. പരിക്കിനെ തുടര്‍ന്ന് താരത്തിന് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പും ട്വന്‍റി 20 ലോകകപ്പും നഷ്‌ടമായി. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മാസങ്ങള്‍ ചിലവഴിച്ചുവെങ്കിലും ബുമ്രയുടെ പരിക്ക് പ്രതീക്ഷിച്ച വേഗത്തില്‍ മാറാതിരുന്നതോടെയാണ് താരത്തിന് ശസ്‌ത്രക്രിയ ബിസിസിഐയുടെ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചത്. ന്യൂസിലന്‍ഡിലായിരുന്നു ബുമ്രയുടെ സര്‍ജറി. 

ഈ മാസം അവസാന ആരംഭിക്കുന്ന ഐപിഎല്‍ പതിനാറാം സീസണിന് പിന്നാലെ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്‌ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏഷ്യാ കപ്പ് 2023 ഉം ജസ്‌പ്രീത് ബുമ്രക്ക് നഷ്‌ടമാകും. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ബുമ്രക്ക് മുന്നിലുള്ള ലക്ഷ്യം. മുമ്പ് തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും ബുമ്രക്ക് പരിശീലനത്തിനിടെ വീണ്ടും പുറംവേദന അനുഭവപ്പെടുകയായിരുന്നു. അതിനാല്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ ബുമ്രയെ ഇനി കളിപ്പിക്കുകയുള്ളൂ. 

ന്യൂസിലന്‍ഡില്‍ നിന്ന് മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യവാരമോ ഇന്ത്യയില്‍ തിരിച്ചെത്തുന്ന ബുമ്രയുടെ തുടര്‍ ചികില്‍സയും പരിശീലനവും ബെംഗളൂരുവിലെ എന്‍സിഎയിലായിരിക്കും. എന്‍സിഎയിലെ ഡോക്‌ടര്‍മാരും ഫിസിയോമാരും തലവന്‍ വിവിഎസ് ലക്ഷ്‌മണും ബുമ്രയുടെ ആരോഗ്യപുരോഗതി കൃത്യമായി നിരീക്ഷിക്കും. എപ്പോള്‍ മത്സര ക്രിക്കറ്റിലേക്ക് ബുമ്രക്ക് തിരിച്ചെത്താനാകും എന്ന കൃത്യമായൊരു തിയതി പറയാന്‍ ഇതുവരെ താരത്തിനോ ബിസിസിഐ മെഡിക്കല്‍ സംഘത്തിനോ ആയിട്ടില്ല. 

എംബാപ്പെയെ ക്യാപ്റ്റനാക്കിയതിലുള്ള അമര്‍ഷം; വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി ഗ്രീസ്‌മാൻ

click me!