'അവനെ കൈവിടരുത്, പാകിസ്ഥാനെതിരെ അഭിഷേക് ഇല്ലെങ്കിൽ പകരം ഓപ്പണര്‍ സഞ്ജു തന്നെ'; പിന്തുണയുമായി സൗരവ് ഗാംഗുലി

Published : Feb 14, 2026, 09:47 AM IST
sanju samson

Synopsis

നമീബിയക്കെതിരെ നടന്ന രണ്ടാം മത്സരത്തിൽ അസുഖബാധിതനായ അഭിഷേകിന് കളിക്കാന്‍ കഴിയാതെ വന്നതോടെയാണ് സഞ്ജുവിന് ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചത്.

കൊളംബോ: മോശം ഫോമിന്‍റെ പേരിൽ വിമർശനം നേരിടുന്ന മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. ലോകകപ്പ് സ്ക്വാഡിൽ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ-ബാറ്ററായും ഓപ്പണറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ പരാജയത്തെത്തുടർന്ന് സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. ഇതേത്തുടർന്ന് ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇഷാൻ കിഷനാണ് ഇന്ത്യക്കായി വിക്കറ്റ് കാത്തത്. അമേരിക്കയ്ക്കെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം ഇഷാൻ ഓപ്പൺ ചെയ്യുകയും ചെയ്തു.

നമീബിയക്കെതിരെ നടന്ന രണ്ടാം മത്സരത്തിൽ അസുഖബാധിതനായ അഭിഷേകിന് കളിക്കാന്‍ കഴിയാതെ വന്നതോടെയാണ് സഞ്ജുവിന് ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ഈ അവസരം മുതലെടുക്കാൻ കഴിയാതിരുന്ന സഞ്ജു 8 പന്തിൽ 22 റൺസടിച്ച് പുറത്തായി. ഇതോടെ, പാകിസ്ഥാനെതിരായ നിർണായക മത്സരത്തിൽ അഭിഷേക് ശർമ്മ കളിച്ചില്ലെങ്കിൽ, സഞ്ജുവിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറായി ഇറക്കണമെന്ന ആവശ്യവും ശക്തമാണ്.

ഈ സാഹചര്യത്തിലാണ് സഞ്ജുവിന് പിന്തുണയുമായി ഗാംഗുലി എത്തിയിരിക്കുന്നത്. അഭിഷേക് ശർമ്മ കളിക്കാൻ യോഗ്യനല്ലെങ്കിൽ പാകിസ്ഥാനെതിരെ സഞ്ജു തന്നെ ടീമിൽ തുടരണമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ടീം കോമ്പിനേഷൻ ശക്തവും സന്തുലിതവുമാണ്, അതിനാൽ വലിയ മാറ്റങ്ങളുടെ ആവശ്യമില്ല. എല്ലാം അഭിഷേക് ശർമ്മയുടെ ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കുന്നു. അഭിഷേക് കളിക്കാൻ ഫിറ്റാണെങ്കിൽ, സഞ്ജുവിന് പകരം അവൻ ടീമിലെത്തും. അല്ലെങ്കിൽ ടീമിൽ മറ്റ് മാറ്റങ്ങൾ വരുത്തേണ്ടതില്ല, ഗാംഗുലി-ഇന്ത്യാ ടുഡേ'യോട് പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി അടിച്ച് മികവ് കാട്ടിയിട്ടുള്ള സഞ്ജു പ്ലേയിംഗ് ഇലവനില്‍ തുടര്‍ച്ചയായി അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ നായകൻ വ്യക്തമാക്കി. സഞ്ജു മികച്ച കളിക്കാരനാണ്, സ്ഥിരമായ അവസരങ്ങൾ അവനർഹിക്കുന്നു. രണ്ട് പരാജയങ്ങൾ ഉണ്ടായാൽ ടീമിൽ നിന്ന് പുറത്താക്കുമെന്ന നിരന്തരമായ സമ്മർദ്ദത്തിൽ ഒരു കളിക്കാരനും മികച്ച പ്രകടനം നടത്താനാവില്ല. ഫോം നിലനിർത്താൻ അവന് കൂടുതൽ അവസരങ്ങൾ നൽകേണ്ടത് പ്രധാനമാണ്. ഒരു വർഷം മുമ്പ് ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടിയ കളിക്കാരനാണവന്‍. അവന് അപാരമായ കഴിവുണ്ട്, അതുകൊണ്ട് തന്നെ അവൻ അർഹിക്കുന്ന സമയം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- ഗാംഗുലി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിമിത്തങ്ങളെല്ലാം ശരിയാണ്, ഇത്തവണയും ലോകകപ്പ് ഇന്ത്യക്ക് തന്നെ; ആദ്യ സൂചന സിംബാബ്‌വെ ഓസീസിനെ അട്ടിമറിച്ചതിലൂടെ
സി കെ നായുഡു ട്രോഫി: ജാര്‍ഖണ്ഡിനെ 274ല്‍ ഒതുക്കി കേരളം, അനുരാജിന് അഞ്ച് വിക്കറ്റ്