നാല് കളികളില്‍ നിന്ന് 30 റണ്‍സാണ് രോഹിതിന്റെ നേട്ടം, കോലിയുടേത് 86ഉം. കോലിയേക്കാള്‍ ഉപരി ഏകദിന ലോകകപ്പില്‍ സംശയങ്ങളുള്ളത് രോഹിതിന്റെ കാര്യത്തിലാണെന്നാണ് വിലയിരുത്തലുകള്‍

രോഹിത് ശർമ - 0, 23, 0, 7. വിരാട് കോലി - 74, 7, 0, 5. മൂന്ന് സിംഗിള്‍ ഡിജിറ്റ് സ്കോറുകള്‍ വീതം, കോലിക്ക് ഓർത്തുവെക്കാൻ ഒരു അർദ്ധ സെഞ്ചുറി മാത്രം. രോ-കോയ്ക്ക് ഇതെന്ത് പറ്റിയെന്നും ഏകദിന ലോകകപ്പിന് ഇവർ വേണോയെന്ന ചോദ്യവും ഉയർന്ന് കഴിഞ്ഞു. പ്രത്യേകിച്ചും ഓവർസീസ് കണ്ടീഷനിലെ പരാജയങ്ങള്‍ ആവർത്തിക്കുന്നതുകൊണ്ട് തന്നെ. പകരമാരൊക്കെയെന്ന് തിരിച്ചു ചോദിച്ചാല്‍ എന്ത് ഉത്തരമാണ് നല്‍കാനുള്ളതെന്നത് മറ്റൊരു ആശങ്ക. ഒറ്റ സീരീസുകൊണ്ട് രോഹിതിനേയും കോലിയേയും വിലയിരുത്തേണ്ടതുണ്ടോ.

നാലാം ഏകദിനത്തിന് ശേഷം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞ ഒരു വാചകമുണ്ട്. ബാറ്റിങ് നിരയുടെ തകര്‍ച്ച എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം, 2027 ഏകദിന ലോകകപ്പില്‍ നമുക്ക് ലഭിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന വിക്കറ്റുകളാണ് ന്യൂസിലൻഡിലേത്. യോജിക്കാൻ കഴിയുന്ന നിരീക്ഷണമാണ്. ഇതിനോടൊപ്പം ഒരു കാര്യം കൂടി ഗംഭീര്‍ ചേര്‍ത്തുവെച്ചിരുന്നു. ബാറ്റര്‍മാര്‍ക്ക് കളിക്കാൻ കഴിയാത്ത ഡെലിവെറികള്‍ എന്നൊന്നില്ലായെന്ന്. ഇത് അല്‍പ്പം അണ്‍ഫയര്‍ ആയിപ്പോയില്ലെയെന്ന് പറയാതെ വയ്യ.

ബെ ഓവലിലെ അഞ്ചാം ഏകദിനത്തില്‍ രോഹിതും കോലിയും തുടങ്ങിയത് കണ്‍വിൻസിങ്ങായി തന്നെയാണ്, വെല്‍ ജഡ്‌ജഡായാണ് ഷോട്ടുകള്‍ തിരഞ്ഞെടുത്തതും. എന്നാല്‍, മാത്യു ഫിഷറിന്റെ ലെങ്ത് ബോളിലാണ് രോഹിതിന്റെ സോഫ്റ്റ് ഡിസ്മിസല്‍ സംഭവിക്കുന്നത്, ഫിഷറിന്റെ തന്നെ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ബാക്ക് ഓഫ് ഗുഡ് ലെങ്തിലാണ് കോലിയുടെ മടക്കം. രണ്ട് പന്തുകളുടേയും വേഗത മണിക്കൂറില്‍ യഥാക്രമം 146, 145 കിലോമീറ്ററിലായിരുന്നു.

പുറത്തായതിന് തൊട്ടുപിന്നാലെ ഇരുവരും വിക്കറ്റിലേക്ക് നോക്കുകയും സ്റ്റേഡിയം വിടുന്നതിന് മുൻപ് ബിഗ് സ്ക്രീനില്‍ റീപ്ലേ പരിശോധിക്കുന്നതായും കണ്ടിരുന്നു. തീര്‍ച്ചയായും വിക്കറ്റിലെ മാറ്റങ്ങള്‍ ഇരുവരേയും സര്‍പ്രൈസ് ചെയ്തിട്ടുണ്ട് എന്നത് ഇതിലൂടെ വ്യക്തമാണ്. ന്യൂസിലൻഡിലെ ഓവര്‍കാസ്റ്റ് കണ്ടീഷൻസ്, നിരന്തരം മാറമറിയുന്ന കാലവസ്ഥയൊക്കെയും പരമ്പരയില്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക്, പരിചിതമായ സാഹചര്യങ്ങളായിട്ടുകൂടി നാലാം ഏകദിനത്തില്‍ മാത്രമാണ് ന്യൂസിലൻഡിന് മികവ് പുലര്‍ത്താനായത്.

നാല് കളികളില്‍ നിന്ന് 30 റണ്‍സാണ് രോഹിതിന്റെ നേട്ടം, കോലിയുടേത് 86ഉം. കോലിയേക്കാള്‍ ഉപരി ഏകദിന ലോകകപ്പില്‍ സംശയങ്ങളുള്ളത് രോഹിതിന്റെ കാര്യത്തിലാണെന്നാണ് വിലയിരുത്തലുകള്‍. കാരണം, രോഹിതിന്റെ പ്രായം, ഇഞ്ചുറി കണ്‍സേണ്‍സ്, ദക്ഷിണാഫ്രിക്കയിലെ മോശം റെക്കോര്‍ഡ്, യശസ്വി ജയ്സ്വാള്‍ കാത്തിരിക്കുന്നു. മറുവശത്ത് കോലിയുടെ കാര്യത്തില്‍ ഫിറ്റ്നസില്‍ ആശങ്കയില്ല, ദക്ഷിണാഫ്രിക്കയില്‍ ആറ് സെഞ്ചുറി ഉള്‍പ്പെടെ മികച്ച സ്റ്റാറ്റ്സ്, മൂന്നാം നമ്പറില്‍ ഒരു ഐഡിയല്‍ റീപ്ലേസ്മെന്റിനെ കണ്ടെത്താനുമായിട്ടില്ല.

എന്നാല്‍ ഇവിടെ പരിശോധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. അവസാന പത്ത് മത്സരങ്ങളിലെ ഇരുവരുടേയും പ്രകടനങ്ങള്‍. ശുഭ്മാൻ ഗില്‍ മാത്രമാണ് രോഹിതിനേയും കോലിയേക്കാള്‍ മികവ് പുലര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ 10 മത്സരങ്ങളില്‍ രോഹിതിന്റെ നേട്ടം 430 റണ്‍സാണ്, രണ്ട് സെഞ്ചുറിയും ഒരു അര്‍ദ്ധ ശതകവും. കോലിയുടെ നേട്ടം 398 റണ്‍സ്. ഒരു സെ‍ഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും. ഇക്കാലയളവില്‍ കോലി അഞ്ചും രോഹിത് മൂന്നും പ്രവാശ്യം ഒറ്റയക്കത്തിലും മടങ്ങിയിട്ടുണ്ട്.

കണക്കുകള്‍ വെച്ച് പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാര്‍ ഗില്ലും രോഹിതും കോലിയും തന്നെയാണ്. 2026 ഐപിഎല്ലിന് ശേഷം നാല് പരമ്പരകളാണ് ഇന്ത്യ കളിച്ചത്. അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്...ഈ സീരിസുകളില്‍ ഇരുവരും പരാജയപ്പെട്ടത് ന്യൂസിലൻഡിനെതിരെ മാത്രവും. മറ്റെല്ലാ പരമ്പരകളിലും തിളങ്ങാൻ ഇന്ത്യൻ ഇതിഹാസങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

2027 ഏകദിന ലോകകപ്പിലേക്ക് വരുമ്പോള്‍ മാറ്റങ്ങള്‍ ഇനി എത്രത്തോളം പ്രായോഗികമാണ് എന്ന ചോദ്യമുണ്ട്. പ്രത്യേകിച്ചും ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ലോകകപ്പ് ആരംഭിക്കാൻ സമയമുള്ളത്. അതിന് മുന്നോടിയായി ഇന്ത്യ കളിക്കാൻ സാധ്യതയുള്ള ഏകദിനങ്ങളുടെ എണ്ണം പോലും ചുരുക്കമാണ്. ഓപ്പണിങ് സ്ഥാനത്തേക്ക് രോഹിതിന് പകരം ജയ്സ്വാളിനെ കൊണ്ടുവന്നാലും അനിവാര്യമായ സമയമോ മത്സരപരിചയമോ ലഭിക്കുകയുമില്ല.

യഥാര്‍ത്ഥത്തില്‍ 2023 ഏകദിന ലോകകപ്പിന് ശേഷം സെന രാജ്യങ്ങളില്‍ ഏറ്റവുമധികം റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള ഇന്ത്യൻ ബാറ്റര്‍മാരില്‍ ഒന്നാമത് രോഹിതും രണ്ടാമത് കോലിയുമാണ്. ശേഷം മാത്രമാണ് നിലവിലെ ഏറ്റവും മികച്ച ഏകദിന ബാറ്ററായ ഗില്‍ വരെയുള്ളു. അതുകൊണ്ട് തന്നെ ഇരുവരുടേയും പരിചയസമ്പത്ത് ഇന്ത്യയെ സംബന്ധിച്ച് ടൂര്‍ണമെന്റില്‍ നിര്‍ണായകമായിരിക്കും, ലോകകപ്പ് നേടണമെന്നുള്ള ഹംഗര്‍ മറ്റാരേക്കാളും രോഹിതിനും കോലിക്കുമുണ്ട്.