ഇന്ത്യയെ പ്രകോപിപ്പിച്ചു, ഇം​ഗ്ലണ്ടിന് ഇനി പരമ്പരയിൽ തിരിച്ചുവരാനാവില്ലെന്ന് മൈക്കൽ വോൺ

By Web TeamFirst Published Aug 17, 2021, 12:04 PM IST
Highlights

ജസ്പ്രീത് ബുമ്ര ബാറ്റ് ചെയ്യുമ്പോൾ റിഷഭ് പന്തിന് ഉണ്ടായിരുന്നതിനേക്കാൾ ഫീൽഡർമാർ ബൗണ്ടറിയിലുണ്ടായിരുന്നു. 100 ടെസ്റ്റിൽ കൂടുതൽ കളിച്ച് പരിചയമുള്ള ജെയിംസ് ആൻഡേഴ്സണെയും ജോ റൂട്ടിനെയും പോലുള്ളവർ ടീമിലുള്ളപ്പോൾ ഇത് എങ്ങനെ സംഭവിച്ചു.

ലണ്ടൻ:ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ വിജയപ്രതീക്ഷ ഉയർത്തിയശേഷം കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഇം​ഗ്ലണ്ട് ടീമിനെ വിമർശിച്ച് മുൻ നായകൻ മൈക്കൽ വോൺ. രണ്ടാം ടെസ്റ്റിലെ ആവേശജയത്തോടെ ഉത്തേജിതരായ ഇന്ത്യൻ ടീമിനെ കീഴടക്കി ഇനി പരമ്പരയിൽ ഇം​ഗ്ലണ്ടിനൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് മൈക്കൽ വോൺ പറഞ്ഞു.

ഇം​ഗ്ലണ്ട് ഇന്ത്യയെ പ്രകോപിപ്പിച്ചു. അതോടെ അവർ അതിശക്തമായി തിരിച്ചടിച്ചു. അതുകൊണ്ടുതന്നെ ഇം​ഗ്ലണ്ടിന് ഇനി പരമ്പരയിൽ തിരിച്ചുവരണമെങ്കിൽ അസാധ്യപ്രകടനം പുറത്തെടുക്കേണ്ടിവരും. ഈ ഇം​ഗ്ലണ്ട് ടീമിന് അതിന് കഴിയുമെന്ന് തോന്നുന്നില്ല. ഇനിയുള്ള മൂന്ന് ടെസ്റ്റുകളും ഇം​ഗ്ലണ്ടിന് കടുപ്പമായിരിക്കുമെന്നും വോൺ ബിബിസിയോട് പറഞ്ഞു.

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വാലറ്റത്തിനെതിരെ ഇം​ഗ്ലീഷ് ബൗളർമാർ പന്തെറിഞ്ഞ രീതിയെയും വോൺ രൂക്ഷമായി വിമർശിച്ചു. വാലറ്റക്കാർ ക്രീസിൽ നിൽക്കുമ്പോൾ സ്റ്റംപിന് നേർക്ക് പന്തെറിയാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ബൗൺസറുകളും ഓഫ് സ്റ്റംപിന് പുറത്തുമല്ല. കാര്യങ്ങൾ ലളിതമായി കൈകാര്യം ചെയ്യണമായിരുന്നു.

ജസ്പ്രീത് ബുമ്ര ബാറ്റ് ചെയ്യുമ്പോൾ റിഷഭ് പന്തിന് ഉണ്ടായിരുന്നതിനേക്കാൾ ഫീൽഡർമാർ ബൗണ്ടറിയിലുണ്ടായിരുന്നു. 100 ടെസ്റ്റിൽ കൂടുതൽ കളിച്ച് പരിചയമുള്ള ജെയിംസ് ആൻഡേഴ്സണെയും ജോ റൂട്ടിനെയും പോലുള്ളവർ ടീമിലുള്ളപ്പോൾ ഇത് എങ്ങനെ സംഭവിച്ചു. ഇം​ഗ്ലണ്ടിന്റെ തന്ത്രം പൂർണമായും പിഴച്ചുപോയെന്നും വോൺ പറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരെ 194-7 എന്ന നിലയിൽ തകർന്നശേഷമാണ് വാലറ്റക്കാരായ ഇഷാന്തിന്റെയും ഷമിയുടെയും ബുമ്രയുടെയും ബാറ്റിം​ഗ് കരുത്തിൽ ഇന്ത്യ 298-8ൽ എത്തിയത്. ഷമി 56 റൺസുമായി പുറത്താകാതെ നിന്നപ്പോൾ മികച്ച പിന്തുണ നൽകിയ ബുമ്ര 34 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇഷാന്ത് 16 റൺസെടുത്ത് പുറത്തായി. പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ ഷമിയും ബുമ്രയും ചേർന്ന് 89 റൺസാണ് കൂട്ടിച്ചേർത്തത്.

click me!