ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റും രവി ബിഷ്‌ണോയി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ കിവീസ് 153 റണ്‍സില്‍ ഒതുങ്ങി. ഗ്ലെന്‍ ഫിലിപ്‌സാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍.
ഗുവാഹത്തി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി. 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മാര്‍ക്ക് ചാപ്മാന്‍ 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ആദ്യ ഓവറില്‍ തന്നെ കോണ്‍വെയുടെ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. റാണയുടെ പന്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ച്. തുടര്‍ന്നെത്തിയ രചിന്‍ രണ്ടാം ഓവറിലും മടങ്ങി. ഇത്തവണ ഹാര്‍ദിക്കിന്റെ പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ബിഷ്‌ണോയിക്ക് ക്യാച്ച്. ആറാം സീഫെര്‍ട്ടിന്റെ വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇതോടെ 5.1 ഓവറില്‍ മൂന്നിന് 34 എന്ന നിലയിലായി ന്യൂസിലന്‍ഡ്. തുടര്‍ന്ന് ഫിലിപ്‌സ് - ചാപ്മാന്‍ സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ചാപ്മാനെ പുറത്താക്കി രവി ബിഷ്‌ണോയ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചലിന് (14) തിളങ്ങാനായില്ല. ഇതിനിടെ ഫിലിപ്‌സും കൂടാരം കയറി. മിച്ചല്‍ സാന്റ്‌നര്‍ നേടിയ 27 റണ്‍സാണ് കിവീസിന്റെ സ്‌കോര്‍ 150 കടത്തിയത്. കെയ്ല്‍ ജാമിസണ്‍ (3), മാറ്റ് ഹെന്റി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇഷ് സോധി (2), ജേക്കബ് ഡഫി (4) പുറത്താവാതെ നിന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല്‍ ജാമിസണ്‍ ടീമില്‍ തിരിച്ചെത്തി. സക്കാറി ഫൗള്‍ക്‌സിനെ ഒഴിവാക്കി. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ന്യൂസിലന്‍ഡ്: ഡെവണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കെയ്ല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

