ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇഷാന്‍ കിഷനെ കളിപ്പിക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ലെന്ന് മുന്‍ താരം

By Web TeamFirst Published Jun 2, 2023, 5:38 PM IST
Highlights

ഇഷാന്‍ കിഷനെ അവസാന ഘട്ടത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരീക്ഷിക്കേണ്ട ആവശ്യമില്ല എന്നാണ് സാബാ കരീമിന്‍റെ പക്ഷം

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആരെ വിക്കറ്റ് കീപ്പറാക്കണം എന്ന് തലപുകയ്‌ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കെ എസ് ഭരതാണ് നിലവിലെ ആദ്യ ഓപ്‌ഷനെങ്കിലും ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി അവസാന നിമിഷം ഇന്ത്യന്‍ ടീം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവരില്‍ ആരെ ഓസ്‌ട്രേലിയക്ക് എതിരെ ഓവലിലെ അങ്കത്തില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയിക്കണം എന്ന ചര്‍ച്ച സജീവമായിരിക്കേ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സെലക്‌ടര്‍ സാബാ കരീം. ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്നു സാബാ. 

ഇഷാന്‍ കിഷനെ അവസാന ഘട്ടത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരീക്ഷിക്കേണ്ട ആവശ്യമില്ല എന്നാണ് സാബാ കരീമിന്‍റെ പക്ഷം. 'ഐപിഎല്ലിനിടെ പരിക്കേറ്റ കെ എല്‍ രാഹുലിന് പകരക്കാരനായാണ് ഇഷാനെ ഇന്ത്യ ഫൈനലിനുള്ള സ്‌ക്വാഡിലെടുത്തത്. ഈ ഘട്ടത്തില്‍ ഇഷാന്‍ കിഷനെ കളിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി ടീം ഉറപ്പിച്ചു എന്നാണ് മനസിലാക്കുന്നത്. താരങ്ങള്‍ക്ക് സുരക്ഷിതത്വം രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും നല്‍കേണ്ടതുണ്ടെങ്കില്‍ ഭരതിനെ തുടര്‍ന്നും കളിപ്പിക്കുകയാണ് വേണ്ടത്. ഹോം സീരിസില്‍ ഇഷാന്‍ കിഷനെ കളിപ്പിച്ചില്ല എന്നതിനാല്‍ ഭരതിന് തന്നെയാണ് അവസരം നല്‍കേണ്ടത്. അതേസമയം ടെസ്റ്റ് ടീമിനൊപ്പമുള്ളത് കിഷന് സഹതാരങ്ങളിലും എതിരാളികളിലും നിന്ന് കാര്യങ്ങള്‍ പഠിക്കാനുള്ള വലിയ അവസരമാണ്. ടെസ്റ്റ് ക്രിക്കറ്റ് വളരെ വ്യത്യസ്‌തമായ ഗെയിമാണ്. പ്ലേയിംഗ് ഇലവനില്‍ ഇല്ലെങ്കിലും പഠിക്കാനേറെയുണ്ട്' എന്നും സാബാ കരീം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഏഴിന് ഓവലിലാണ് ഓസ്ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

യശസ്വി ജയ്‌സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്. 

Read more: പോണ്ടിംഗും ഉറപ്പിച്ചു; അവന്‍ തന്നെ വരുംകാല ഇന്ത്യന്‍ ബാറ്റിംഗ് ഹീറോ, യുവതാരത്തിന് കിടിലന്‍ പ്രശംസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!