Latest Videos

2.2 കോടിക്കുവേണ്ടി സ്മിത്ത് കുടുംബത്തെ വിട്ട് ഐപിഎല്ലിന് വരില്ലെന്ന് ക്ലാര്‍ക്ക്

By Web TeamFirst Published Feb 20, 2021, 6:20 PM IST
Highlights

സ്റ്റീവ് സ്മിത്ത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനല്ലായിരിക്കാം. കോലിയായിരിക്കും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാന്‍മാരില്‍ സ്മിത്ത് ഉണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സ്മിത്തിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്നത് ശരിയാണ്.

സിഡ്നി: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ താരം  സ്റ്റീവ് സ്മിത്ത് പങ്കെടുക്കുന്നതില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. താരലലേത്തില്‍ 2.2 കോടി രൂപ നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്മിത്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനെ ഇത്തവണ ടീം കൈവിട്ടിരുന്നു.

സ്മിത്തിന് പകരം മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കുകയും ചെയ്തു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്മിത്തിനെ 2.2 കോടി രൂപക്ക് ഡല്‍ഹി ലേലത്തില്‍ സ്വന്തമാക്കി. എന്നാല്‍ വെറും 2.2 കോടി രൂപക്കായി സ്മിത്ത് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാന്‍ വരില്ലെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. ഐപിഎല്ലിനായി ഇന്ത്യയിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പ് പരിക്കുമൂലം സ്മിത്ത് പിന്‍മാറിയെന്ന വാര്‍ത്ത കേട്ടാലും അത്ഭുതപ്പെടാനില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.

സ്റ്റീവ് സ്മിത്ത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനല്ലായിരിക്കാം. കോലിയായിരിക്കും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാന്‍മാരില്‍ സ്മിത്ത് ഉണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സ്മിത്തിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്നത് ശരിയാണ്. അതുകൊണ്ടാകാം അദ്ദേഹത്തിന് ലേലത്തില്‍ തുക കുറഞ്ഞുപോയത്. 2.2 കോടി രൂപ അത്ര മോശം തുകയല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ലഭിച്ച പ്രതിഫലവും സ്ഥാനവും വെച്ചുനോക്കുമ്പോള്‍ ഐപിഎല്ലിനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നതിന് തൊട്ടു മുമ്പ് സ്മിത്ത് പരിക്കേറ്റ് പിന്‍മാറിയെന്ന് കേട്ടാലും നിങ്ങള്‍ അത്ഭുതപ്പെടരുത്.  

ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹം എട്ടാഴ്ചയെങ്കിലും ഇന്ത്യയില്‍ ചെലവഴിക്കേണ്ടിവരും. ഇതിനു പുറമെ ക്വാറന്‍റൈന്‍ കാലാവധിയും കൂടി കണക്കാക്കിയാല്‍ 11 ആഴ്ചയോളം അദ്ദേഹം കുടുംബത്തെ വിട്ട് നില്‍ക്കേണ്ടിവരും. 3,80000 ഡോളറിനുവേണ്ടി സ്മിത്ത് അതിന് തയാറാവുമെന്ന് ഞാന്‍ കരുതുന്നില്ല.

ഇനി തന്‍റെ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാനായി അദ്ദേഹം ഐപിഎല്ലിന് പോകുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്. പണമല്ല, തന്‍റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍ ഒരുപക്ഷെ അദ്ദേഹം ഐപിഎല്ലിന് പോയേക്കാമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

click me!