കിഷന് വെടിക്കെട്ട് സെഞ്ചുറി, സഞ്ജു നിരാശപ്പെടുത്തി; വിജയ് ഹസാരെയില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം

Published : Feb 20, 2021, 03:12 PM IST
കിഷന് വെടിക്കെട്ട് സെഞ്ചുറി, സഞ്ജു നിരാശപ്പെടുത്തി; വിജയ് ഹസാരെയില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം

Synopsis

ജാര്‍ഖണ്ഡിന് വേണ്ടി വെടിക്കെട്ട് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ 94 പന്തില്‍ 173 റണ്‍സ് നേടിയപ്പോഴാണ് സഞ്ജുവിന്റെ ദയനീയ പ്രകടനം.   

ബാംഗ്ലൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട സഞ്ജു നാല് റണ്‍സോടെ മടങ്ങി. സൗരഭ് കനോജിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാജേഷ് ധുപറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. മൂന്നാമനായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. ടീമിന്റെ നട്ടെല്ലാവേണ്ട സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചില്ല. ജാര്‍ഖണ്ഡിന് വേണ്ടി വെടിക്കെട്ട് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ 94 പന്തില്‍ 173 റണ്‍സ് നേടിയപ്പോഴാണ് സഞ്ജുവിന്റെ ദയനീയ പ്രകടനം. മധ്യ പ്രദേശിനെതിരെയായിരുന്നു ഇഷാന്റെ പ്രകടനം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തുനില്‍ക്കുന്ന താരങ്ങളാണ് ഇരുവരും. എന്നാല്‍ മലയാളി താരത്തിന്റെ ഫോമില്ലായ്മ സെലക്റ്റര്‍മാരെ മാറ്റി ചിന്തിപ്പിക്കാനും സാധ്യതയേറെയാണ്.

ഒഡീഷയുടെ എട്ടിന് 258 എന്ന സ്‌കോറിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 14 ഓവറില്‍ രണ്ടിന് 93 എന്ന നിലയിലാണ്. ഓപ്പണണ്‍ റോബിന്‍ ഉത്തപ്പ (48), സച്ചിന്‍ ബേബി (12) എന്നിവരാണ് ക്രീസില്‍. സഞ്ജുവിന് പുറമെ വിഷ്ണു വിനോദിന്റെ (28) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. കനോജിയയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. നേരത്തെ നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം മത്സരം 45 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നാലെ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒഡീഷയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എട്ട് ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് കേരള ബൗളര്‍മാരില്‍ തിളങ്ങി.  

മികച്ച തുടക്കമാണ് ഒഡീഷയ്ക്ക് ലഭിച്ചത്. സന്ദീപ്- ഗൗരവ് സഖ്യം 119 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗൗരവിനെ പുറത്താക്കി സച്ചിന്‍ ബേബി കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ സന്ദീപിനെ ശ്രീശാന്തും മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഒഡീഷയ്ക്ക് വിക്കറ്റ് നഷ്ടമായി. സുബ്രാന്‍ഷു സേനാപതി (4), ഷാന്തനു മിശ്ര (7), അഭിഷേക് യാദവ് (13), രാജേഷ് ധുപര്‍ (20), ദേബബ്രത പ്രഥാന്‍ (27), സൂര്യകാന്ത് പ്രഥാന്‍ (0) എന്നിവര്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. കാര്‍ത്തികിന്റെ 45 റണ്‍സാണ് ഒഡീഷയുടെ സ്‌കോര്‍ 250 കടത്തിയത്. നിതീഷ്, സക്‌സേന എന്നിവര്‍ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. പുറമെ സച്ചിന്‍ ബേബി ഒരു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ഇഷാന്റെ സെഞ്ചുറി കരുത്തില്‍ മധ്യപ്രദേശിനെതിരെ ജാര്‍ഖണ്ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സാണ് നേടിയത്. ഇഷാന് പുറമെ അനുകൂല്‍ റോയ് (39 പന്തില്‍ 72), വിരാട് സിംഗ് (49 പന്തില്‍ 68), സുമിത് കുമാര്‍ (52) എന്നിവരുടെ ഇന്നിങ്‌സാണ് ജാര്‍ഖണ്ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ മധ്യ പ്രദേശ് 18.3 ഓവറില്‍ ഒമ്പതിന് 98 എന്ന നിലയിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമിലെത്തുമായിരുന്നു, വഴിയടച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് മുന്‍താരം
അഗാര്‍ക്കറും ഗംഭീറും പരമാവധി ശ്രമിച്ചു, പക്ഷെ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ആ 2 സെലക്ടമാരുടെ കടുത്ത നിലപാട്