
മുംബൈ: ഫാന്‍റസി ഗെയിമിംഗ് അപ്ലിക്കേഷനായ ഡ്രീം ഇലവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്‌സി സ്പോണ്‍സറാകും എന്ന് സൂചന. ബൈജൂസുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെ പുതിയ സ്പോണ്‍സര്‍മാര്‍ക്കായി ബിസിസിഐ നടത്തിയ വലിയ അലച്ചിലിനൊടുവിലാണ് ഡ്രീം ഇലവനുമായി കരാറാകുന്നത് എന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18ന്‍റെ റിപ്പോര്‍ട്ട്. ബൈജൂസുമായി നവംബര്‍ വരെ കരാര്‍ നീട്ടാനുള്ള ഓപ്‌ഷനുണ്ടായിരുന്നെങ്കിലും മാര്‍ച്ചോടെ കരാര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പുതിയ സ്പോണ്‍സര്‍മാര്‍ക്കായി ജൂണ്‍ 14ന് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു.
ബൈജൂസുമായി കരാര്‍ അവസാനിപ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജേഴ്‌സി സ്പോണ്‍സര്‍മാരില്ലാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങിയത്. പുതിയ ട്രെയിനിംഗ് ആന്‍ഡ് മാച്ച് കിറ്റ് നിര്‍മ്മാണ പങ്കാളികളായി അഡിഡാസുമായി ബിസിസിഐ നേരത്തെ കരാറിലെത്തിയിരുന്നു. ബൈജൂസുമായി ഉണ്ടായിരുന്ന കരാറിനേക്കാള്‍ കുറഞ്ഞ തുകയ്‌ക്കാവും ഡ്രീം ഇലവനുമായുള്ള പുതിയ കരാര്‍ എന്നാണ് സൂചന. പരമ്പരകള്‍ക്ക് 5.5 കോടിയും ഐസിസി മത്സരങ്ങള്‍ക്ക് 1.7 കോടി രൂപയുമാണ് ബൈജൂസില്‍ നിന്ന് ബിസിസിഐക്ക് ലഭിച്ചിരുന്നത്. ഡ്രീം ഇലവനെ ജേഴ്‌സി സ്പോണ്‍സര്‍മാരായി ബിസിസിഐ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി പുതിയ ജേഴ്സി സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബിസിസിഐക്ക് കഴിയുമോ എന്ന സംശയം നേരത്തെ സജീവമായിരുന്നു. വിന്‍ഡീസ് പര്യടനത്തിലാണോ ഏഷ്യാ കപ്പിലാണോ പുതിയ സ്പോണ്‍സര്‍മാരുടെ കുപ്പായമണിഞ്ഞ് ഇന്ത്യന്‍ ടീം ഇറങ്ങുക എന്ന് വ്യക്തമല്ല. മദ്യ കമ്പനികള്‍, ബെറ്റിംഗ് സ്ഥാപനങ്ങള്‍, ക്രിപ്റ്റോ കറന്‍സി, പണം ഉപയോഗിച്ചുള്ള ഗെയിംസ്(ഫാന്‍റസി ഗെയിമുകള്‍ക്ക് ബാധകമല്ല), പുകയില കമ്പനികള്‍, പൊതുതാല്‍പര്യത്തിന് വിരുദ്ധമായ സ്ഥാപനങ്ങള്‍, പോണോഗ്രാഫി, അത്‌ലറ്റിക് സ്പോര്‍ട്സ്‌വെയര്‍ ജേഴ്‌സി നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് പുതിയ ജേഴ്സി സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read more: ലോകകപ്പ് വേദികളായ സ്റ്റേഡിയങ്ങള്‍ക്ക് ബിസിസിഐയുടെ ലോട്ടറി; ലഭിക്കുക വന്‍ തുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം