
ലോര്‍ഡ്‌സ്: രണ്ടാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിക്ക് മടവെച്ച് ഓസ്ട്രേലിയ. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 416 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 325 റണ്‍സില്‍ പുറത്തായി. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ഫോമിലവേക്ക് വന്നപ്പോള്‍ ട്രാവിഡ് ഹെഡിന്‍റെ രണ്ട് വിക്കറ്റും ഓസീസിന് നിര്‍ണായകമായി. 134 പന്തില്‍ 98 റണ്‍സെടുത്ത ബെന്‍ ഡക്കെറ്റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. മൂന്നാം ദിനമായ ഇന്ന് ഹാരി ബ്രൂക്കിന് പിന്നാലെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഒരവസരത്തില്‍ 278/4 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് അവസാന ആറ് വിക്കറ്റുകള്‍ 47 റണ്‍സിന് വലിച്ചെറിയുകയായിരുന്നു. റൂട്ട്, സ്റ്റോക്‌സ്, ബ്രൂക്ക് എന്നിവരെ പുറത്താക്കി സ്റ്റാര്‍ക്കാണ് വഴിത്തിരിവുണ്ടാക്കിയത്.
ബാസ്‌ബോള്‍ ശൈലിയില്‍ നിന്ന് വിട്ടുവീഴ്‌ചയില്ല എന്ന നിലപാടിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്തത്. ഇതിനാല്‍ 76.2 ഓവറില്‍ 325 റണ്‍സ് നേടാനായെങ്കിലും 91 റണ്‍സിന്‍റെ ലീഡ് വഴങ്ങേണ്ടിവന്നു. ഓപ്പണര്‍മാരായ സാക്ക് ക്രൗലി 48 ഉം, ബെന്‍ ഡക്കെറ്റ് 98 ഉം, മൂന്നാമന്‍ ഓലി പോപ് 42 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജോ റൂട്ടിനെ 10 റണ്‍സില്‍ സ്റ്റാര്‍ക്ക് മടക്കിയത് തിരിച്ചടിയായി. ഇതിന് ശേഷം 68 പന്തില്‍ 50 റണ്‍സെടുത്ത ഹാരി ബ്രൂക്ക് മാത്രമാണ് തിളങ്ങിയത്. നായകന്‍ ബെന്‍ സ്റ്റോക്‌സ് 17 ഉം, വിക്കറ്റ് കീപ്പര്‍ ജോണി ബെയ്‌ര്‍സ്റ്റോ 16 ഉം, സ്റ്റുവര്‍ട്ട് ബ്രോഡ് 12 ഉം, ഓലീ റോബിന്‍സണ്‍ 9 ഉം, ജോഷ് ടംഗ് ഒന്നും റണ്‍സെടുത്ത് പുറത്തായി. അക്കൗണ്ട് തുറക്കാതെ ജിമ്മി ആന്‍ഡേഴ്‌സണ്‍ പുറത്താവാതെ നിന്നു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹേസല്‍വുഡും ട്രാവിഡ് ഹെഡും രണ്ട് വീതവും പാറ്റ് കമ്മിന്‍സും നേഥന്‍ ലിയോണും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റു വീഴ്‌ത്തി. ബാസ്‌ബോള്‍ ശൈലിക്ക് മുന്നില്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും ഗ്രീനും അഞ്ചിലധികം ഇക്കോണമി വഴങ്ങി.
നേരത്തെ, ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 100.4 ഓവറില്‍ 416 റണ്‍സ് നേടിയിരുന്നു. 339/5 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് 77 റണ്‍സ് ചേര്‍ക്കുമ്പോഴേക്ക് അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായി. 32-ാം ടെസ്റ്റ് ശതകം നേടിയ സ്‌മിത്ത് 184 പന്തില്‍ 15 ഫോറുകളുടെ അകമ്പടിയോടെ 110 റണ്‍സ് പേരിലാക്കി. സ്റ്റീവ് സ്‌മിത്താണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍(88 പന്തില്‍ 66), ട്രാവിസ് ഹെഡ്(73 പന്തില്‍ 77) എന്നിവരുടെ വേഗമാര്‍ന്ന അര്‍ധസെഞ്ചുറികളും മാര്‍നസ് ലബുഷെയ്‌ന്‍റെ 47 റണ്‍സും വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നേടിയ 22 റണ്‍സുകളും നിര്‍ണായകമായി. ഇംഗ്ലണ്ടിനായി ഓലി റോബിന്‍സണ്‍, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വീതവും ജോ റൂട്ട് രണ്ടും ജിമ്മി ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ഓരോ വിക്കറ്റും നേടി.
Read more: ക്ലാസിക് ഇന്നിംഗ്‌സുമായി സ്റ്റീവ് സ്‌മിത്ത്; മാസ് ക്യാച്ചെടുത്ത് ബെന്‍ ഡക്കെറ്റ്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം