കൊവിഡ് മരുന്ന് വിതരണം ചെയ്ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ഡ്രഗ് കണ്ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ

By Web TeamFirst Published Jun 3, 2021, 4:38 PM IST
Highlights

നേരത്തെ ഗൗതം ഗംഭീർ ഫൗണ്ടേഷന് ക്ലീന്‍ ചിറ്റുമായി ഡ്രഗ് കണ്ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ട് ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിയതിന് ശേഷം ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 

കൊവിഡ് മരുന്ന് വിതരണം ചെയ്ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ഡ്രഗ് കണ്ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ. കൊവിഡ് രോഗികള്‍ക്കായി നല്‍കുന്ന വൈറസ് പ്രതിരോധ മരുന്നായ  ഫാബിഫ്ലൂ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ഡിജിസിഐ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. മരുന്ന് പൂഴ്ത്തിവെച്ച കുറ്റത്തിന് ഫൗണ്ടേഷനെതിരെ നടപടി സ്വീകരിക്കും എന്നാണ് ദില്ലി സർക്കാറിന്റെ ഡ്രഗ് കണ്ട്രോൾ ദില്ലി ഹൈക്കോടതിയെ അറിയിച്ചത്.

ഇത്തരം സംഭവങ്ങളില്‍ മരുന്ന് ഡീലര്‍മാര്‍ക്കെതിരെയും നടപടി വേണമെന്നും ഡിജിസിഐ പറയുന്നു. എഎപി എംഎല്‍എ പ്രവീണ്‍കുമാറും സമാന സംഭവത്തില്‍ കുറ്റക്കാരനാണെന്ന് ഡിജിസിഐ വിശദമാക്കി.നേരത്തെ ഇവര്‍ രണ്ട് പേര്‍ക്കും ക്ലീന്‍ ചിറ്റുമായി ഡ്രഗ് കണ്ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ട് ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.ഈ റിപ്പോര്‍ട്ട് തള്ളിയതിന് ശേഷം ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വലിയ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മരുന്നുകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് തീരുമാനം.

നേരത്തെ രോഗികള്‍ക്ക് പ്രതിരോധ മരുന്നുകളും, ഓക്‌സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതില്‍ മുന്‍കൈ എടുത്ത ഗംഭീറിന്റെ പ്രവര്‍ത്തനങ്ങള്‍ കയ്യടി നേടിയിരുന്നു. ഗംഭീര്‍ ചെയ്തത് വലിയ കാര്യമെങ്കിലും മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ അപക്വമായിപോയെന്ന കണ്ടെത്തലോടെയാണ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മരുന്ന് ദൗര്‍ലഭ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗൗതം ഗംഭീറിന്റെ നടപടി ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ദില്ലിയില്‍ കൊറോണ വ്യാപനം അതിരൂക്ഷമായിരിന്നു. പലയിടങ്ങളിലും, ഓക്‌സിജനും, പ്രതിരോധ മരുന്നുകള്‍ക്കും ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബിജെപി എംപിയുടെ പ്രവര്‍ത്തനങ്ങള്‍. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!