13 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ഈസ്റ്റ് സോണ്‍ ദുലീപ് ട്രോഫി ഫൈനലില്‍; സെന്‍ട്രല്‍ സോണിനെ വീഴ്ത്തിയത് 4 വിക്കറ്റിന്

Published : Sep 01, 2026, 10:17 PM IST
Vaibhav Suryavanshi

Synopsis

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സെന്‍ട്രല്‍ സോണിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഈസ്റ്റ് സോണ്‍ ദുലീപ് ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. യുവതാരം വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ എന്നിവരുടെ ബാറ്റിംഗും മുകേഷ് കുമാറിന്റെ ബൗളിംഗുമാണ് ഈസ്റ്റ് സോണിന് നിര്‍ണായക വിജയം സമ്മാനിച്ചത്.

ബെംഗളൂരു: ദുലീപ് ട്രോഫി സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഈസ്റ്റ് സോണ്‍ ഫൈനലില്‍ പ്രവേശിച്ചു. 13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈസ്റ്റ് സോണ്‍ ഫൈനലില്‍ എത്തിയത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഈസ്റ്റ് സോണ്‍, 6 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. അടുത്ത ആഴ്ച ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ നോര്‍ത്ത് അല്ലെങ്കില്‍ സൗത്ത് സോണ്‍ ടീമുകളെ അവര്‍ നേരിടും.

15 കാരനായ യുവതാരം വൈഭവ് സൂര്യവംശിയാണ് വിജയത്തിന് അടിത്തറയിട്ടത്. ആദ്യ ഇന്നിങ്‌സില്‍ 92 റണ്‍സ് നേടിയ താരം, വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 40 റണ്‍സിന്റെ വേഗത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ രജത് പട്ടിദാറിന്റെ മികച്ചൊരു ക്യാച്ചിലൂടെ വൈഭവ് പുറത്തായത് മത്സരത്തില്‍ വഴിതിരിവാകുമെന്ന് കരുതിയെങ്കിലും, സീനിയര്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്റെ കരുതലോടെയുള്ള ബാറ്റിങ് ടീമിന് തുണയായി. അഭിമന്യുവിനൊപ്പം ഒന്നാം വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടാണ് വൈഭവ് പടുത്തുയര്‍ത്തിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ വിക്കറ്റ് കീപ്പിങ്ങിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഫസ്റ്റ് ഡേയില്‍ പുറത്തിരിക്കേണ്ടി വന്ന ഇഷാന്‍ കിഷന്‍, നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തി പുറത്താകാതെ 39 റണ്‍സ് നേടി ടീമിനെ വിജയതീരത്തേക്ക് നയിച്ചു. മുഹമ്മദ് ഷമി (8*) പുറത്താകാതെ ഒപ്പമുണ്ടായിരുന്നു.

നേരത്തെ, സെന്‍ട്രല്‍ സോണിന്റെ രണ്ടാം ഇന്നിങ്‌സ് 158 റണ്‍സിന് എറിഞ്ഞിടാന്‍ ഈസ്റ്റ് സോണ്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. 44 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും, 56 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ബൗളിംഗില്‍ തിളങ്ങിയത്. മത്സരത്തില്‍ ആകെ 7 വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാര്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ ഇരു ടീമുകളും 266 റണ്‍സ് വീതം നേടി തുല്യത പാലിച്ചിരുന്നു. സെന്‍ട്രല്‍ സോണിനായി റിങ്കു സിങ് ആദ്യ ഇന്നിങ്‌സില്‍ 60 റണ്‍സ് നേടിയിരുന്നു. ഹര്‍ഷ് ദുബെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഈസ്റ്റ് സോണിനെ വിറപ്പിച്ചെങ്കിലും ഒടുവില്‍ വിജയം അവര്‍ക്കൊപ്പം തന്നെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി സെമി ഉറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്
ജോബിന്‍ ജോബിക്ക് സെഞ്ച്വറി; ആലപ്പി റിപ്പിള്‍സിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്