ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി സെമി ഉറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്

Published : Sep 01, 2026, 10:09 PM IST
thrissur titans

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 160 റണ്‍സ് നേടിയപ്പോള്‍, നിഖില്‍ തോട്ടത്തിലിന്റെയും എസ്. ഷാരോണിന്റെയും പ്രകടനത്തിന്റെ പിന്‍ബലത്തില്‍ നാല് പന്തുകള്‍ ബാക്കിനില്‍ക്കെ തൃശൂര്‍ ലക്ഷ്യം കണ്ടു.

തിരുവനന്തപുരം: കെസിഎല്ലില്‍ സെമി ഉറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. ആവേശം അവസാന ഓവറുകളിലേക്ക് നീണ്ടൊരു പോരാട്ടത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് തൃശൂര്‍ അവസാന നാലില്‍ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്‌സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ്, നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

ഏരീസ് കൊല്ലം സെയിലേഴ്‌സ് - 20 ഓവറില്‍ 160/8, തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ 162/6

ജയം അനിവാര്യമായ മത്സരത്തില്‍ സെയിലേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഫോമിലുള്ള അഭിഷേക് ജെ. നായരെ (1) പുറത്താക്കി ശരത്ചന്ദ്രപ്രസാദ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തൃശൂരിന് മികച്ച തുടക്കം നല്‍കി. തന്റെ അടുത്ത ഓവറില്‍ സെയിലേഴ്‌സിന്റെ ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദിനെയും (6) ശരത് തന്നെ മടക്കി. എന്നാല്‍ മറുവശത്ത് ഉറച്ചുനിന്ന ആനന്ദ് കൃഷ്ണന്റെ ഇന്നിങ്‌സ് സെയിലേഴ്‌സിന് തുണയായി. അജിനാസിനും അജു പൗലോസിനുമൊപ്പം ചേര്‍ന്ന് ആനന്ദ് മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി. മൈതാനത്തിന്റെ നാനാഭാഗത്തേക്കും തകര്‍പ്പന്‍ ഷോട്ടുകള്‍ പായിച്ച ആനന്ദ്, എം.എസ്. അഖിലിനെ സിക്‌സറിന് പറത്തിയാണ് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അജുവുമൊത്ത് കൂട്ടിച്ചേര്‍ത്ത 49 റണ്‍സില്‍ മുക്കാല്‍ പങ്കും ആനന്ദിന്റെ ബാറ്റില്‍ നിന്നായിരുന്നു. ആനന്ദിന്റെ കരുത്തില്‍ 12-ാം ഓവറില്‍ സെയിലേഴ്‌സ് 100 കടന്നു.

എന്നാല്‍ 65 റണ്‍സെടുത്ത ആനന്ദ് മടങ്ങിയതോടെ സെയിലേഴ്‌സ് വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങി. 14 റണ്‍സെടുത്ത അജു പൗലോസും ഒരു റണ്ണെടുത്ത ഷറഫുദ്ദീനും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി. തുടരെ വിക്കറ്റുകള്‍ വീഴുമ്പോള്‍ ഒരു വശത്ത് ഉറച്ചുനിന്ന അര്‍ജുന്‍ വേണുഗോപാലിന്റെ ഇന്നിങ്‌സാണ് സെയിലേഴ്‌സിന്റെ സ്‌കോര്‍ 150 കടത്തിയത്. അര്‍ജുന്‍ 31 റണ്‍സെടുത്തു. ടൈറ്റന്‍സിന് വേണ്ടി ശരത്ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇനാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്‌കോര്‍ 32-ല്‍ നില്‍ക്കെ കെ.ആര്‍. രോഹിതിന്റെ (27) വിക്കറ്റ് നഷ്ടമായി. പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഹമ്മദ് ഇമ്രാനും (6) മടങ്ങി. ഇതോടെ പ്രതിരോധത്തിലായ ടൈറ്റന്‍സിന്റെ ഇന്നിങ്‌സ് സാവധാനത്തിലാണ് മുന്നോട്ടു നീങ്ങിയത്. 20 റണ്‍സെടുത്ത ഷോണ്‍ റോജറും 16 റണ്‍സെടുത്ത സഞ്ജീവ് സതീശനും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി. 15 റണ്‍സെടുത്ത എം.എസ്. അഖില്‍ കൂടി മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റിന് 96 റണ്‍സെന്ന നിലയിലായിരുന്നു ടൈറ്റന്‍സ്. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കെ 35 പന്തുകളില്‍ നിന്ന് 65 റണ്‍സായിരുന്നു ടൈറ്റന്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

സെയിലേഴ്‌സ് പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്‍ മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ നിഖില്‍ തോട്ടത്തിലിന്റെയും എസ്. ഷാരോണിന്റെയും ഇന്നിങ്‌സാണ് ടീമിന് വിജയമൊരുക്കിയത്. ഷറഫുദ്ദീന്‍ എറിഞ്ഞ 17-ാം ഓവറില്‍ മൂന്ന് സിക്‌സടക്കം ഇരുവരും ചേര്‍ന്ന് 21 റണ്‍സ് നേടി. ഇതോടെയാണ് കളിയുടെ ഗതി മാറിയത്. തൊട്ടടുത്ത ഓവറില്‍ കെ.ജി. അഖിലിനെതിരെ നിഖില്‍ തോട്ടത്ത് തുടരെ ഫോറും സിക്‌സും നേടി. ഓവറിലെ അവസാന പന്തില്‍ ഷാരോണ്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ മുഹമ്മദ് ഇനാന്‍ നിഖിലിന് മികച്ച പിന്തുണയായി. അവസാന ഓവറിലെ രണ്ടാം പന്ത് സിക്‌സര്‍ പറത്തി ഇനാന്‍ ടീമിനെ വിജയത്തിലെത്തിച്ചു. നിഖില്‍ 22 പന്തുകളില്‍ നിന്ന് 41-ഉം ഇനാന്‍ അഞ്ച് പന്തുകളില്‍ നിന്ന് 17-ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. സെയിലേഴ്‌സിന് വേണ്ടി മുഹമ്മദ് ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജോബിന്‍ ജോബിക്ക് സെഞ്ച്വറി; ആലപ്പി റിപ്പിള്‍സിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
സഞ്ജു തിരിച്ചെത്തി, കൂടെ ബുമ്രയും; ഹാര്‍ദിക് പാണ്ഡ്യ കാത്തിരിക്കണം, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം